ട്വന്‍റി 20 പാര്‍ട്ടി അദ്ധ്യക്ഷന്‍ സാബു ജേക്കബ് നിരന്തരം അപമാനിക്കുന്നു;കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍

single-img
9 December 2022

തിരുവനന്തപുരം: കിഴക്കമ്ബലം ട്വന്‍റി 20 പാര്‍ട്ടി അദ്ധ്യക്ഷന്‍ സാബു ജേക്കബ് നിരന്തരം അപമാനിക്കുന്നെന്ന് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍.

താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് ആളുകളെ സാബു ജേക്കബ് വിലക്കുകയാണ്. താന്‍ നിരന്തരം അപമാനം നേരിടുകയാണ്. വിശദമായി അന്വേഷിച്ച ശേഷമാണ് പൊലീസ് കേസെടുത്തതെന്നും എംഎല്‍എ പറഞ്ഞു.

ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഓഗസ്റ്റ് 17 ന് കൃഷിദിനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്നതിന് തന്നെ രേഖാമൂലം ക്ഷണിച്ചിരുന്നു. എന്നാല്‍ പരിപാടിക്കിടെ തന്നെ അപമാനിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്‍റും മറ്റാളുകളും വേദിവിട്ടിറങ്ങി സദസില്‍ ഇരുന്നു. താന്‍ പോയതിന് പിന്നാലെ ഇവര്‍ വേദിയിലെത്തിയെന്നും പി വി ശ്രീനിജന്‍ ആരോപിച്ചു. സാബു ജേക്കബ് തന്നെ ശത്രുവായി കാണണമെന്നും താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ അവരുടെ പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുക്കരുതെന്നും നിര്‍ദേശം നല്‍കിയിരുന്നതായും പി വി ശ്രീനിജന്‍ പറയുന്നു.

പി വി ശ്രീനിജന്‍റെ ജാതി അധിക്ഷേപ പരാതിയില്‍ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. പട്ടികജാതി പീഢന നിരോധന നിയമപ്രകാരമെടുത്ത കേസില്‍ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. കര്‍ഷകദിനാഘോഷത്തില്‍ ഉദ്ഘാടകനായ തന്നെ വേദിയില്‍ വെച്ച്‌ പരസ്യമായി അപമാനിച്ച 2020 നേതൃത്വം വിവേചനം കാണിക്കുന്നുവെന്നാണ് എംഎല്‍എയുടെ പരാതി.

ഓഗസ്റ്റ് 17 ന് ഐക്കരനാട് കൃഷിഭവനില്‍ നടന്ന ഈ സംഭവമാണ് പരാതിക്ക് അടിസ്ഥാനം. കര്‍ഷകദിനത്തില്‍ കൃഷിവകുപ്പ് നടത്തിയ പരിപാടിക്ക് ഉദ്ഘാടകനായ എംഎല്‍എ വേദിയിലേക്ക് കയറുന്നതിനിടെ പ്രതിഷേധം അറിയിച്ച്‌ പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പടെ ഉള്ളവര്‍ വേദി വിട്ടു. സാബു എം ജേക്കബ് തന്നെ വിലക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നെന്നും ശ്രീനിജിന്‍റെ പരാതിയില്‍ പറയുന്നു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റിനെ കൂടാതെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും മൂന്ന് മെമ്ബര്‍മാരും ആണ് പുത്തന്‍കുരിശ് പൊലീസ് എടുത്ത കേസിലെ മറ്റ് പ്രതികള്‍.