കളിത്തോക്കുമായി ട്രെയിനിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തി; നാല് മലയാളികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ

single-img
4 October 2023

ട്രെയിനിൽ കളിത്തോക്കുമായി കയറുകയും ഇത് കാട്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത നാലു മലയാളി യുവാക്കൾ തമിഴ്‌നാട്ടിൽ അറസ്റ്റിൽ. പാലക്കാട്– തിരുച്ചെണ്ടൂർ പാസഞ്ചർ ട്രെയിനിൽ നിന്നും മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൽ റസീക് (24), പാലക്കാട്‌ സ്വദേശി ജപൽ ഷാ (18), കാസർകോട് സ്വദേശി മുഹമ്മദ്‌ (20) എന്നിവരാണ് അറസ്റ്റിലായത്.

ഇന്ന് ഉച്ചയോടെ കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ കൈവശമുണ്ടായിരുന്ന കളിത്തോക്കെടുത്ത് ബുള്ളറ്റ് നിറയ്ക്കുന്നതു പോലെ കാണിച്ചു. ഇതു കണ്ടതോടെ ട്രെയിനിലെ യാത്രക്കാർ പരിഭ്രാന്തരാകുകയും റെയിൽവേ കണ്‍ട്രോൾ റൂമിൽ വിവരം അറിയിക്കുകയുമായിരുന്നു.

പിന്നാലെ ട്രെയിൻ കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഇരുപതോളം വരുന്ന ആർപിഎഫ് സംഘം ട്രെയിൻ വളയുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇതോടുകൂടി യുവാക്കൾ പുറത്തിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. ഇവരെ റെയിൽവേ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.