കോണ്‍ഗ്രസിനൊപ്പമാണെങ്കിലും സുധാകരന്റെ മനസ് ബിജെപിയോടൊപ്പം; കെ സുരേന്ദ്രന്‍

single-img
15 November 2022

കോഴിക്കോട്: കോണ്‍ഗ്രസിനൊപ്പമാണെങ്കിലും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മനസ് ബിജെപിയോടൊപ്പമാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

അദ്ദേഹത്തിന്റെ തുടര്‍ച്ചയായ പ്രസ്താവന കാണുമ്ബോള്‍ അതാണ് വ്യക്തമാകുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ നേതാക്കളുടെ മനസിലെ അരക്ഷിതബോധമാണ് സുധാകരന്റെ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്. കോണ്‍ഗ്രസില്‍ സുധാകരന് എത്രകാലം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

കെ സുധാകരനെ പോലെ നിരവധി ആളുകള്‍ക്ക് ഈ അഭിപ്രായമുണ്ട്. അവര്‍ ഇക്കാര്യം തുറന്ന് പറയുന്നില്ലേന്നെയുള്ളൂ. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞടുപ്പ് കഴിയുമ്ബോള്‍ കേരളത്തിലെ ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളുടെ മനസ് സുധാകരന്റെ മനസ് പോലെയാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപിക്കോ ആര്‍എസ്‌എസിനോ കോണ്‍ഗ്രസ് സംരക്ഷണം ആവശ്യമില്ല. കോണ്‍ഗ്രസിന് എവിടെയെങ്കിലും സംരക്ഷണം ആവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ നല്‍കാം. കോണ്‍ഗ്രസിനാണ് ഇപ്പോള്‍ അരക്ഷിതത്വവും സംരക്ഷണവും ഇല്ലാത്തസ്ഥിതിയുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുധാകരന്റെ നെഹ്‌റു പ്രസ്താവനയ്‌ക്കെതിരെ മുസ്ലീം ലീഗാണ് രംഗത്തുവന്നത്. ഈ ഗതികേട് കോണ്‍ഗ്രസിനല്ലാതെ മറ്റ് ഏതെങ്കിലും പാര്‍ട്ടിക്കുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.