പരസ്യ പ്രചാരണം അവസാനിച്ചു; മുന്നണികൾക്ക് ഇത് അഭിമാന പോരാട്ടം

single-img
11 November 2024

ദേശീയ ശ്രദ്ധയാകർഷിച്ച കേരളത്തിലെ വയനാട് ഉൾപ്പെടെയുള്ള മൂന്നു മണ്ഡലങ്ങളിലെ ഉപതെരഞ്ഞടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. മുന്നണികളെല്ലാം ഏറെ ആവേശത്തോടെയാണ് തെരഞ്ഞടുപ്പിനെ നോക്കിക്കാണുന്നത്. തെരഞ്ഞെടുപ്പ് ഗോദയിൽ മുന്നണികൾക്ക് ഇത് അഭിമാന പോരാട്ടം കൂടിയാണ്.

എല്ലാ വോട്ടുകളും ഉറപ്പിക്കാനുള്ള അവസാനഘട്ട പാച്ചിലിലാണ് മുന്നണികളും സ്ഥാനാർഥികളും. വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥിയായി പ്രിയങ്കാ ഗാന്ധിയുടെ വരവ് മണ്ഡലം വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

ഇടതുപക്ഷ സ്ഥാനാർഥിയായി സത്യൻ മൊകേരിയും, ബിജെപി സ്ഥാനാർഥിയായി നവ്യ ഹരിദാസുമാണ് വയനാട്ടിൽ തെരഞ്ഞടുപ്പ് പോരിനിറങ്ങുന്നത്. രാഹുൽ ഗാന്ധിയുടെ പ്രചരണം മണ്ഡലത്തിൽ ആവേശം ഇരട്ടിയാക്കി.

ചേലക്കരയുടെ ചേല് ആര് അണിയും എന്നതിന് വ്യക്തമായ ഉത്തരം ഇതുവരെയും ലഭ്യമായിട്ടില്ല. ഇടതു കോട്ട എന്നറിയറിയപ്പെടുന്ന ചേലക്കര മണ്ഡലത്തിൽ ഇത്തവണ ഇടതുപക്ഷ സ്ഥാനാർഥിയായി രംഗത്തുള്ളത് യു.ആർ. പ്രദീപാണ്.

കോൺഗ്രസ് സ്ഥാനാർഥിയായി രമ്യ ഹരിദാസും, ബിജെപി സ്ഥാനാർഥിയായി കെ. ബാലകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്. അവസാന ദിവസങ്ങളിൽ മണ്ഡലങ്ങളിൽ ചെന്ന് മുഴുവൻ വോട്ടർമാരെയും കണ്ടുകൊണ്ടുള്ള പ്രചരണങ്ങൾക്കാണ് സ്ഥാനാർഥികൾ മുൻതൂക്കം നൽകിയത്.