അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നാടിനെ ലജ്ജിപ്പിക്കുന്ന കാര്യങ്ങൾ: കെസി വേണുഗോപാൽ

single-img
13 February 2026

അയ്യപ്പ സംഗമം ഏറ്റവും വലിയ കൊള്ളയാണെന്ന് കെ.സി വേണുഗോപാൽ എംപി. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നാടിനെ ലജ്ജിപ്പിക്കുന്ന കാര്യങ്ങളാണ്. വിഷയം ഹൈക്കോടതി പരിശോധിക്കണമെന്നും നിയമസഭയിൽ പോലും മന്ത്രി കള്ളം പറയുകയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.ശബരിമലയിലെ സ്വർണക്കൊള്ള വെള്ളപൂശാനാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. അമ്പല നടത്തിപ്പിനായി ചുമതലപ്പെടുത്തിയ ആളുകൾ നടത്തുന്ന കൊള്ള നിയന്ത്രിക്കാൻ ഇവിടെ സർക്കാരില്ലെന്നത് മാത്രമല്ല, സർക്കാർ അതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നതും വ്യക്തമായിരിക്കുകയാണ്.

വിശ്വാസികളല്ലാത്തവർ അമ്പലം ഭരിക്കുമ്പോൾ കണ്ണ് സമ്പത്തിൽ മാത്രമാണെന്ന് തെളിയിക്കുന്നതാണിതെല്ലാം എന്നാണ് കെ.സി വേണുഗോപാൽ പറഞ്ഞത്.ദേവസ്വം മന്ത്രി നിയമസഭയിൽ പറഞ്ഞതിന്റെ നേരെ വിപരീതമാണ് ഹൈക്കോടതി നിയമിച്ച ഓഡിറ്റ് കമ്മിറ്റി റിപ്പോർട്ട്. ആർക്ക് വേണ്ടിയാണ് മന്ത്രി കള്ളം പറയുന്നത്? കള്ളങ്ങൾക്കെല്ലാം നേതൃത്വം കൊടുക്കുന്ന അവസ്ഥയിലേക്ക് സർക്കാർ എത്തിയിരിക്കുന്നുവെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു.

ആഗോള അയ്യപ്പ സംഗമം നടത്തിയപ്പോൾ മന്ത്രി പറഞ്ഞത് ഗവൺമെന്റാണ് നടത്തുന്നതെന്നാണ്. ഭജന പാടിയതിന് കള്ളക്കണക്കുണ്ടാക്കുക എന്നതൊന്നും കേട്ട് കേൾവിപോലുമുള്ള കാര്യമല്ലല്ലോ. അയ്യപ്പ സംഗമത്തിന്റെ മേനി മുഴുവൻ സർക്കാരിനാണെന്ന് പറഞ്ഞവർ ഇപ്പോൾ ദേവസ്വം ബോർഡിനാണ് ഉത്തരവാദിത്തമെന്ന് പറയുന്നു. മന്ത്രി രാജി വെക്കേണ്ട കാര്യമൊന്നുമില്ല, ഉളുപ്പുള്ളവരല്ലേ രാജി വെക്കുകയുള്ളൂവെന്നും ജനങ്ങൾ പുറത്താക്കാനിരിക്കുകയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.