വിശ്വനാഥന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണം; കുടുംബത്തിന്‌ നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്തെഴുതി രാഹുൽ ഗാന്ധി

single-img
16 February 2023

കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി യുവാവായ വിശ്വനാഥനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് രാഹുൽ ഗാന്ധിയുടെ കത്ത്. വിശ്വനാഥന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന്‌ നീതി ഉറപ്പാക്കണമെന്നും വയനാട് എംപിയായ രാഹുൽ ആവശ്യപ്പെട്ടു.

“വിശ്വനാഥന്റെ കുടുംബത്തെ ഞാൻ നേരിട്ട് കണ്ടപ്പോൾ അവർ ഈ മരണത്തിൽ സമഗ്രമായ അന്വേഷണവും റീപോസ്റ്റ്‌മോർട്ടവും ആവശ്യപ്പെട്ടിട്ടുണ്ട്. തിരക്കിട്ടുള്ള പോസ്റ്റ്മാർട്ടം നടത്തിയതിൽ ഉൾപ്പെടെ കുടുംബത്തിന് സംശയമുണ്ട്. വിശ്വനാഥൻ ആത്മഹത്യ ചെയ്താണെന്ന പൊലീസ് റിപ്പോർട്ടിനെ അവർ തള്ളിക്കളയുന്നു.

കേരളത്തിലെ എസ്‌സി/എസ്ടി കമ്മീഷനും പൊലീസ് വകുപ്പിന്റെ റിപ്പോർട്ട് തള്ളിയതായി മാധ്യമ വാർത്തകൾ കണ്ടു. അതിനാൽ വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് എത്രയും പെട്ടെന്ന് അന്വേഷണം ആരംഭിക്കാനും, വീഴ്ചകളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടാനും അഭ്യർത്ഥിക്കുന്നു.

വിശ്വനാഥന്റെ കുടുംബം, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ നവജാത ശിശു നീതി അർഹിക്കുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും ഒരു കുടുംബാംഗത്തിന് ജോലിയും നൽകണം.”- രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.