ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിൽ യുവതി പ്രസവിച്ചു

single-img
29 May 2024

പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിൽ യുവതി പ്രസവിച്ചു. മലപ്പുറം ജില്ല്ലയിലെ തിരുനാവായ സ്വദേശിനി 27 വയസ്സുള്ള യുവതിയാണ് പ്രസവിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. തൃശ്ശൂരിൽ നിന്നും തൊട്ടിപ്പാലം വരെ പോകുന്ന കെഎസ്ആർടിസി ബസ്സിലാണ് യുവതിയും ഭർത്താവും സഞ്ചരിച്ചിരുന്നത്.

ബസ് പേരാമംഗലം പിന്നിട്ടപ്പോൾ യുവതിക്ക് കടുത്ത പ്രസവവേദന അനുഭവപ്പെട്ടു. അപ്പോൾ തന്നെ ബസ് തിരിച്ച് അമല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് എത്തിക്കുകയായിരുന്നു. പക്ഷെ ഈ സമയത്തിനുള്ളിൽ തന്നെ പ്രസവത്തിൻ്റെ പകുതി ഘട്ടത്തിലേക്ക് എത്തിയിരുന്നു. ഉടൻ ആശുപത്രിയിലെ ഡോക്ടർമാരും നേഴ്സുമാരും ചേർന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷം ബസിനുള്ളിൽ വെച്ച് തന്നെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.

തൊട്ട് പിന്നാലെ തന്നെ അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ അമ്മയും പെൺകുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബസ് ജീവനക്കാരുടെയും അമല ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുടെയും സമയോചിത ഇടപെടലാണ് ബസ്സിൽ ആണെങ്കിലും യുവതിക്ക് സുഖപ്രസവത്തിന് വഴിയൊരുക്കിയത്.