ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തെ വിമര്‍ശിച്ച്‌ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് നല്‍കി

single-img
16 March 2023

ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തെ വിമര്‍ശിച്ച്‌ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് നല്‍കി.

നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ജൂണ്‍ 5നകം പത്തിന കര്‍മ്മ പദ്ധതി കോര്‍പ്പറേഷന്‍ നടപ്പിലാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ആവശ്യം. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ട് വരുന്നത് നിര്‍ത്തണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യം.

ഇനിയൊരു ബ്രഹ്മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ കോര്‍പ്പറേഷന്‍ ഉടനടി നടപ്പിലാക്കേണ്ട നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോര്‍ട്ടായി നല്‍കിയിരിക്കുന്നത്.അജൈവ മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് ഇനി കൊണ്ട് പോകരുതെന്നാണ് ആദ്യ നിര്‍ദ്ദേശം.ഇത് പ്രാദേശികമായി കളക്ഷന്‍ പോയിന്‍റുകളില്‍ ശേഖരിച്ച്‌ ക്ലീന്‍ കേരള കമ്ബനിക്ക് കൈമാറണം. സാനിറ്ററി പാഡുകളും ഡയപ്പുറകളും എളംകുളത്തുള്ള ബയോ മെഡിക്കല്‍ മാലിന്യ സംസ്കരണ കേന്ദ്രത്തിലെത്തിക്കണം. ആളുകള്‍ റോഡരികില്‍ മാലിന്യം വലിച്ചെറിയുന്നില്ലെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ സമയം നിരീക്ഷണം ഉറപ്പാക്കണം. ഉറവിട മാലിന്യ സംസ്കരണം ഫ്ലാറ്റുകളില്‍ നടപ്പിലാക്കണം. തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ജൂണ്‍ 5 നകം നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശം.

ജൈവ മാലിന്യ സംസ്കരണ പ്ലാന്‍റിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും കോര്‍പ്പറേഷനോട് ആവശ്യപ്പെടുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് ബ്രഹ്മപുരത്ത് സോണ്ടാ ഇന്‍ഫ്രാടെക്ക് ബയോ മൈനിംഗ് നടത്തിയത്.മാലിന്യ കൂന്പാരങ്ങള്‍ ശരിയായ രീതിയില്‍ വേര്‍തിരിച്ചിരുന്നില്ല. കല്ലും തടിക്കഷ്ണങ്ങളും മണ്ണും പ്ലാസ്റ്റിക്കുമെല്ലാം കൂടിക്കുഴഞ്ഞ സ്ഥിതിയിലായിരുന്നു.ബയോ മൈനിംഗിന് ശേഷവും സംസ്കരിച്ച ആര്‍ഡിഎഫ് കെട്ടി പരിസരത്ത് കെട്ടിവെച്ചതായി കണ്ടു. ആറ് അഗ്നിരക്ഷാ ഉപകരണങ്ങള്‍ ഉണ്ടെങ്കിലും ഒന്നും പ്രവര്‍ത്തിച്ചിരുന്നില്ല. രണ്ട് വെയിംഗ് മെഷിനുകളില്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്.മാലിന്യത്തില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന വെള്ളം സംസ്കരിക്കണമെന്ന നിര്‍ദ്ദേശവും ലംഘിച്ചു.ഇതിനായുള്ള കളക്ഷന്‍ ടാങ്കുകളിലേക്കുള്ള ഓവുകളും ബ്ലോക്കായാണ് കണ്ടത്.ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ചെന്നൈ ബെഞ്ച് ഈ റിപ്പോര്‍ട്ട് നാളെ പരിഗണിക്കും.