രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ പ്രതിരോധം തീർത്തവരാണ് സംസ്ഥാന സർക്കാർ: മന്ത്രി വി. ശിവൻകുട്ടി

single-img
18 December 2025

വർഗീയതയും വിദ്വേഷവും പടർത്തി രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പ്രതിരോധകോട്ട കെട്ടി നിലകൊണ്ടവരാണ് സംസ്ഥാന സർക്കാരെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലെ ബാങ്ക്വിറ്റ് ഹാളിൽ നടന്ന ന്യൂനപക്ഷാവകാശ ദിനാചരണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ജനാധിപത്യ രാജ്യത്തിൻ്റെ കരുത്ത് അളക്കപ്പെടുന്നത് അവിടുത്തെ ന്യൂനപക്ഷങ്ങൾ എത്രത്തോളം സുരക്ഷിതരാണ് എന്നതിനെ ആശ്രയിച്ചാണ്. നിലവിലെ സംസ്ഥാന സർക്കാറിൻ്റെ കാലഘട്ടത്തിൽ ന്യൂനപക്ഷ സമൂഹത്തിന് സുരക്ഷിതത്വവും ആത്മവിശ്വാസവും നൽകുന്നതിൽ വിജയം കൈവരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ ന്യൂനപക്ഷ സമൂഹത്തെ മുന്നിലേക്ക് നയിക്കുകയെന്നത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.

ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിലൂടെയും പ്രത്യേക കോച്ചിംഗ് കേന്ദ്രങ്ങളിലൂടെയും വിദ്യാഭ്യാസ മേഖല ശാക്തീകരിക്കാൻ കഴിഞ്ഞു എന്നത് മന്ത്രി എന്ന നിലയിൽ അഭിമാനം നൽകുന്ന കാര്യമാണ്. ഒരു വിഭാഗവും പാർശ്വവൽക്കരിക്കപ്പെടാതെ തുല്യത ഉറപ്പുവരുത്തുന്ന ഒരു നവകേരളമാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.