വ്യാജരേഖ കേസിലെ പ്രതിയായ എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യയെ ഇനിയും പിടികൂടാതെ പൊലീസ്

single-img
10 June 2023

കൊച്ചി : വ്യാജരേഖ കേസിലെ പ്രതിയായ എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യയെ ഇനിയും പിടികൂടാതെ പൊലീസ്. വിദ്യയുടെ തൃക്കരിപ്പൂർ മണിയനോടിയിലെ വീട്ടിൽ നീലേശ്വരം പൊലീസ് പരിശോധനക്കെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലാണ്. ഇന്ന് രാവിലെ 11.45 ഓടെയാണ് പൊലീസ് സംഘം എത്തിയത്. അച്ഛനും അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പമാണ് വിദ്യ താമസിക്കുന്നത്. കേസെടുത്തതിന് പിന്നാലെ വിദ്യ വീട്ടിൽ നിന്ന് മാറിയിരുന്നു. ബാക്കിയുള്ളവർ ഇന്നലെയാണ് വീട്ടിൽ നിന്ന് പോയതെന്നാണ് അയൽക്കാർ പറയുന്നത്. എസ് എച്ച് ഓ സലീമിന്റെ നേതൃത്വത്തിൽ അഗളി പൊലീസ് സംഘവും അന്വേഷണത്തിനായി കാസർകോട്ട് എത്തിയിട്ടുണ്ട്. എന്നാൽ ഈ സംഘം വീട്ടിൽ പരിശോധനയ്ക്ക് എത്തിയില്ല. വിദ്യ അട്ടപ്പാടി ആർ.ജി. എം ഗവ കോളജിൽ ഹാജരാക്കിയ വ്യാജ രേഖകൾ കണ്ടെത്താനാണ് അന്വേഷണ സംഘം എത്തിയത്. കരിന്തളം ഗവൺമെൻറ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജിന്റെ മൊഴി അഗളി പോലീസ് രേഖപ്പെടുത്തും.