മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കുടുങ്ങിയ കേന്ദ്ര സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികള്‍ നാളെ നാട്ടിലെത്തും

single-img
7 May 2023

ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കുടുങ്ങിയ കേന്ദ്ര സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികള്‍ നാളെ നാട്ടിലെത്തും.

ഒമ്ബത് വിദ്യാര്‍ഥികളാണ് നാളെ ഉച്ചക്ക് 2.30ന് ബംഗളൂരു വഴിയുള്ള വിമാനത്തില്‍ കേരളത്തിലെത്തുക. നോര്‍ക്ക വഴി ഇവരുടെ യാത്രക്കുള്ള വിമാന ടിക്കറ്റ് ലഭിച്ചു.

അതേസമയം, മണിപ്പൂര്‍ നാഷണല്‍ സ്പോര്‍ട്സ് സര്‍വകലാശാലയിലെ 29 മലയാളി വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. പരീക്ഷയുള്ളതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. നാലാം തീയതി തുടങ്ങേണ്ട പരീക്ഷ സംഘര്‍ഷം കാരണമാണ് മുടങ്ങിയെന്നും ഇവര്‍ പറഞ്ഞു. അതിനിടെ സംഘര്‍ഷ സാഹചര്യം കുറഞ്ഞതോടെ സംസ്ഥാനത്ത് ഇന്ന് കര്‍ഫ്യൂവിന് താത്കാലിക ഇളവ് അനുവദിക്കും. സംഘര്‍ഷം നടന്ന ചുരചന്ത്പൂരില്‍ രാവിലെ 7 മുതല്‍ 10 വരെ നിരോധനാജ്ഞ ഒഴിവാക്കി.

സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയെന്ന് ഔദ്യോഗിക സ്ഥിരീകരണം. മ്യാന്മറില്‍ നിന്ന് സായുധരായ വിഘടനവാദികള്‍ സംസ്ഥാനത്തേക്ക് നുഴഞ്ഞു കയറിയതായും സംശയം ഉണ്ട്. സംഘര്‍ഷ സാഹചര്യം കുറഞ്ഞെങ്കിലും സംസ്ഥാനത്ത് സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇപ്പോഴും കാവല്‍ തുടരുകയാണ്. 10,000 ത്തോളം സൈനികരെയാണ് മണിപ്പൂരില്‍ നിയോഗിച്ചിരിക്കുന്നത്.

അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ കേരളത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളും ഇന്ന് പന്തം കൊളുത്തി പ്രകടനം നടത്തും. ജനങ്ങള്‍ സമാധാനമായി ജീവിച്ചിരുന്ന മണിപ്പൂര്‍ ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം അശാന്തിയുടെ താഴ്‌വരയായി മാറിയെന്നാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറ‍്ഞത്.