അനസ്തേഷ്യ മരുന്ന് സ്വയം കുത്തി വെച്ച്‌ വനിതാ ഡോക്ടര്‍ ജീവനൊടുക്കി

single-img
6 January 2023

ഭോപ്പാല്‍: അനസ്തേഷ്യ മരുന്ന് സ്വയം കുത്തി വെച്ച്‌ വനിതാ ഡോക്ടര്‍ ജീവനൊടുക്കി. ഭോപ്പാലിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗാന്ധി മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലാണ് സംഭവം.

24 കാരിയായ വനിതാ ഡോക്ടര്‍ ആകാന്‍ഷ മഹേശ്വരി സ്വയം അനസ്തേഷ്യ മരുന്ന് കുത്തിവച്ച്‌ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരമാണ് ആകാന്‍ഷ മഹേശ്വരിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ മുതല്‍ ആകാന്‍ഷയുടെ മുറി അടഞ്ഞ് കിടക്കുകയായിരുന്നു. ഉച്ചയായിട്ടും മുറി തുറക്കാതിരുന്നതോടെ സംശയം തോന്നിയ ഹോസ്റ്റല്‍ അന്തേവാസികള്‍ വിവരം അധികൃതരെ അറിയിച്ചു. ഇതോടെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ഒഴിഞ്ഞ മരുന്ന് കുപ്പികളും സിറിഞ്ചും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതി അനസ്ത്യേഷ മരുന്ന് സ്വയം കുത്തിവെച്ചതായി പൊലീസ് സ്ഥിരീകരിച്ചത്.

ആകാന്‍ഷ മഹേശ്വരി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കിയുള്ള ആത്മഹത്യക്കുറിപ്പ് യുവതിയുടെ മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. തനിക്ക് സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്നും വ്യക്തപരമായ കാരണങ്ങളാല്‍ ഈ ലോകത്ത് നിന്നും പോവുകയാണെന്നും ആരും തന്‍റെ മരണത്തിന് ഉത്തരവാദികളെല്ലെന്നും ആത്മഹത്യകുറിപ്പിലുണ്ട്. കുറിപ്പില്‍ മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നുവെന്നും യുവതി പറഞ്ഞു.

പിജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരരുന്നു ഡോ. ആകാന്‍ഷ മഹേശ്വരി. ഗ്വാളിയോര്‍ സ്വദേശിയായ യുവതി വര്‍ ഒരു മാസം മുമ്ബാണ് പിജി പഠനത്തിനായ ജിഎംസിയില്‍ ചേര്‍ന്നത്. യുവതി ജീവനൊടുക്കിയ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ കുടുംബാംഗങ്ങളുമായി സംസാരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. യുവതിയുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.