ഗവര്‍ണ്ണര്‍ക്കെതിരായ ഇടത് പ്രതിഷേധ കൂട്ടായ്മയില്‍ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും

single-img
2 November 2022

തിരുവനന്തപുരം: ഗവര്‍ണ്ണര്‍ക്കെതിരായ ഇടത് പ്രതിഷേധ കൂട്ടായ്മയില്‍ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും.വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരില്‍ വൈകിട്ട് മൂന്നിന് എകെജി ഹാളിലാണ് പരിപാടി.

രാജ് ഭവന്‍ വളയുന്നതടക്കമുള്ള ശക്തമായ സമരങ്ങള്‍ എല്‍ഡിഎഫ് നടത്തുന്നുണ്ട്. അതേ സമയം വിസിമാരെ പുറത്താക്കാനുള്ള നടപടികളുമായി ഗവര്‍ണ്ണര്‍ മുന്നോട്ട് പോകുകയാണ്.കാരണം കാണിക്കാനുള്ള സമയം നാളെ അവസാനിക്കുമെന്ന് ഓ‍ര്‍മിപ്പിച്ച്‌ ഗവര്‍ണ്ണര്‍ വിസിമാര്‍ക്ക് വീണ്ടും കത്ത് നല്‍കി

ഇതിനിടെ ഗവര്‍ണ്ണറുടെ പുറത്താക്കല്‍ നടപടിയ്ക്കെതിരെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 1.45 ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുന്നത്. സെര്‍ച്ച്‌ കമ്മിറ്റിയിലേക്ക് ഒരു അംഗത്തെ നോമിനേറ്റ് ചെയ്ത് തീര്‍ക്കേണ്ട വിഷയം സര്‍വ്വകലാശാല അനാവശ്യ വിവാദത്തിലാക്കിയെന്നും വിസിയില്ലാതെ എങ്ങനെ സര്‍വ്വകലാശാലയ്ക്ക് പ്രവര്‍ത്തിക്കാനാകുമെന്നും കോടതി ചോദിച്ചിരുന്നു. മറ്റന്നാള്‍ ചേരുന്ന സര്‍വകലാശാല സെനറ്റ് യോഗത്തില്‍ സെര്‍ച്ച്‌ കമ്മിറ്റിയെ നോമിനേറ്റ് ചെയ്യാനുള്ള അജണ്ടയുണ്ടോയെന്ന് സര്‍വ്വകലാശാല ഇന്ന് അറിയിക്കണം. ഗവ‍ര്‍ണര്‍ പുറത്താക്കിയ അംഗങ്ങള്‍ക്ക് ഈ യോഗത്തില്‍ പങ്കെടുക്കാനാകുമോ എന്ന് കോടതി ഇന്ന് തീരുമാനിക്കും.