നിപ: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്

single-img
13 September 2023

കേരളത്തിൽ കോഴിക്കോട് ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്. പനി ലക്ഷണങ്ങൾ ഉള്ളവർക്ക് ഐസൊലേഷൻ വാർഡിൽ ചികിത്സ നൽകാനും തീരുമാനിച്ചതായാണ് വിവരം.

സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന എല്ല ജില്ലകളിലും പരിശോധന കർശനമാക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം.അതേസമയം, നിപ സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു. വൈകിട്ട് നാലരയ്ക്ക് ഓൺലൈൻ ആയിട്ടാണ് യോഗം ചേരുക. അഞ്ച് മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും.

എന്നാൽ കേരളത്തിലെ നിപ വ്യാപന സാഹചര്യം നിരീക്ഷിച്ച് വരുകയാണ് കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദർശിച്ച് നൽകുന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരിക്കും തുടർ ഇടപെടലുകൾ.ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്.

തുടർച്ചയായി ഒരേ മേഖലയിൽ രോഗം ആവർത്തിച്ച് സ്ഥിരീകരിക്കുന്നത് കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു.