മൺചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിയെ കാണാൻ വീട്ടിലെത്തി സുരേഷ് ഗോപി

single-img
17 November 2023

ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് മൺചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിയെ കാണാൻ വീട്ടിലെത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇവരുടെ ദുരിത ജീവിതം നേരിൽ കണ്ടറിഞ്ഞ സാഹചര്യത്തിൽ ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

തന്നെ സന്ദർശിച്ച സുരേഷ് ഗോപിയോട് മറിയക്കുട്ടി നന്ദി അറിയിക്കുകയും ചെയ്തു. ഇന്ന് രാവിലെ 8.30-നായിരുന്നു സുരേഷ് ഗോപിയുടെ സന്ദർശനം. മറിയക്കുട്ടിക്ക് പിന്തുണ അറിയിക്കുന്നതിനായിരുന്നു സന്ദർശനം. കഴിഞ്ഞ ദിവസങ്ങളിൽ സുരേഷ് ഗോപിയുടെ കേസുമായി ബന്ധപ്പെട്ട വിഷയവും മറിയക്കുട്ടി ചാനൽ ചർച്ചകളിൽ ഉന്നയിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ കാശ് എവിടെ പോകുന്നുവെന്ന് താൻ ചോദിക്കുമെന്നും മറിയക്കുട്ടി പറഞ്ഞു.

ബി.ജെ.പിയെ കുറ്റം പറഞ്ഞ് കള്ളക്കടത്ത് നടത്തുന്നു. തനിക്ക് മഞ്ഞ കാർഡ് ഇല്ല. അത് സി.പി.എം-കാർക്കുള്ളതാണ്. ജനങ്ങൾക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഇതുപോലെ ഒരു മുഖ്യമന്ത്രിയെ താൻ കണ്ടിട്ടില്ല. മടുത്തിട്ടാണ് ഈ കാര്യങ്ങൾ പറയുന്നതെന്നും മറിയക്കുട്ടി ആരോപിച്ചു. അതേസമയം തനിക്കെതിരായ വ്യാജ പ്രചാരണത്തിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കും.

മറിയക്കുട്ടിക്ക് ഒന്നര ഏക്കർ സ്ഥലവും രണ്ടുവീടുമുണ്ടെന്ന വ്യാജപ്രചാരണം സമൂഹമാധ്യമങ്ങളിൽ ശക്തമായിരുന്നു. പ്രചരണങ്ങൾ ശക്തമായതോടെ മറിയക്കുട്ടി മന്നാംങ്കണ്ടം വില്ലേജ് ഓഫീസിനെ സമീപിക്കുകയും ഭൂമിയില്ല എന്ന് സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് വാങ്ങിക്കുകയുമായിരുന്നു. തുടർന്നാണ് ഹൈക്കോടതി സമീപിക്കാൻ മറിയക്കുട്ടി തീരുമാനമെടുത്തത്.