സ്റ്റുഡൻ്റ് പൊലീസ് കേഡറ്റായ വിദ്യാ‍ർത്ഥിനിയെ പീഡിപ്പിച്ചു; തൃശ്ശൂരിൽ ഗ്രേഡ് എസ്ഐ പിടിയിൽ

single-img
26 September 2024

പോക്സോ വകുപ്പ് ചുമത്തി എസ്.ഐയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ ജില്ലയിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. പൊലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരൻ (50) ആണ് കസ്റ്റഡിയിലുള്ളത്.

രണ്ടു വർഷങ്ങൾക്ക് മുമ്പ് ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിൽ വച്ച് പീഡിപ്പിച്ചെന്ന് വിദ്യാർത്ഥിനി കൗൺസിലിങിൽ വെളിപ്പെടുത്തിയതിനെ തുടർന്നാണ് എസ്.ഐയെ കസ്റ്റഡിയിലെടുത്തത്. ആ സമയം ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടി ഇപ്പോൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

പെൺകുട്ടി നടത്തിയ വെളിപ്പെടുത്തൽ പൊലീസിനെ അറിയിച്ചതിന് പിന്നാലെ തൃശൂർ റൂറൽ വനിതാ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴി രേഖപ്പെടുത്തും. വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.