ഉദിയന്‍കുളങ്ങരയില്‍ ഭീതിപരത്തി തെരുവ് നായുടെ ആക്രമണം

single-img
10 January 2023

പാറശ്ശാല: ഉദിയന്‍കുളങ്ങരയില്‍ ഭീതിപരത്തി തെരുവ് നായുടെ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്. മര്യാപുരം സ്വദേശിയായ വര്‍ഗീസ് (70), കാരോട് സ്വദേശിയായ ജോസ് (45), വഴിയാത്രക്കാരനായ അജ്ഞാതനായ ഒരാള്‍ക്കുമാണ് തെരുവുനായുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

തിങ്കളാഴ്ച രാവിലെ 10 നാണ് സംഭവം. ആള്‍ക്കാരെയും നിരവധി തെരുവ് നായ്ക്കളെയും കടിച്ചശേഷം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ റോഡരികിലെ സ്വകാര്യ സ്ഥാപനത്തിന് മുന്നില്‍ ആക്രമണകാരിയായ നായ് ചത്തുവീഴുകയായിരുന്നു.

ഈ നായ്ക്ക് പേയുള്ളതായി സംശയിക്കുന്നതിനാല്‍ നായ് കടിച്ച്‌ പരിക്കേറ്റ് പാറശ്ശാല ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ചികിത്സ തേടിയവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചത്ത നായ നിരവധി നായ്ക്കളെ കടിച്ചതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. ഉദിയന്‍കുളങ്ങരയില്‍ രാത്രിയായാല്‍ തെരുവുനായ് ശല്യം വര്‍ധിച്ചുവരുന്നതായി പരാതിയുണ്ട്.

ഉദിയന്‍കുളങ്ങര മാര്‍ക്കറ്റില്‍ മാംസാവശിഷ്ടങ്ങള്‍ ഭക്ഷിക്കാന്‍ എത്തുന്ന നായ്ക്കളാണ് റോഡില്‍ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയാകുന്നത്. ശാശ്വത പരിഹാരം കാണണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.