ശ്രീനിവാസൻ എന്ന മോഹൻലാലിന്‍റെ കരിയർ മാറ്റിയ തിരക്കഥാകൃത്ത്

രജനീകാന്തും ചിരഞ്ജീവിയും സിനിമ പഠിച്ചിറങ്ങിയ ചെന്നൈയിലെ പ്രശസ്തമായ അടയാർ ഫിലിം സ്കൂളിൽ നിന്നാണ് ശ്രീനിവാസൻ എന്ന അതുല്യ പ്രതിഭയുടെയും സിനിമാ ജീവിതം ആരംഭിക്കുന്നത്. പഠനകാലത്ത് തന്നെ തെന്നിന്ത്യയിലെ ഈ രണ്ട് സൂപ്പർ താരങ്ങളുമായും ഊഷ്മളമായ സൗഹൃദം സ്ഥാപിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
പഠനം കഴിഞ്ഞിറങ്ങിയാൽ അഭിനയിക്കാൻ അവസരങ്ങൾ തേടി വരുമെന്നൊരു മിഥ്യാധാരണ തനിക്കുണ്ടായിരുന്നു എന്ന് ശ്രീനിവാസൻ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ സിനിമയിൽ ചുവടുറപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അദ്ദേഹം വൈകാതെ തിരിച്ചറിഞ്ഞു. തന്‍റെയും രജനീകാന്തിന്‍റെയും മുഖഭാവങ്ങൾ വെച്ച് അടയാർ ഫിലിം സ്കൂളിൽ നിന്നിറങ്ങിയാൽ ആര് തങ്ങളെ തേടി വരുമെന്ന് സംശയിച്ചിരുന്നതായി ശ്രീനിവാസൻ പല അഭിമുഖങ്ങളിലും തമാശ രൂപേണ പറഞ്ഞിട്ടുണ്ട്. 1975-ൽ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് അദ്ദേഹം അഭിനയജീവിതം ആരംഭിച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത അദ്ദേഹം, 1980-ൽ പുറത്തിറങ്ങിയ ‘മേള’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയമായ ഒരു മുഴുനീള വേഷം കൈകാര്യം ചെയ്തത്.
അവസരങ്ങൾ തേടി സംവിധായകൻ പ്രിയദർശന്‍റെ അടുത്തെത്തിയതാണ് ശ്രീനിവാസന്‍റെ കരിയറിൽ വലിയൊരു വഴിത്തിരിവായത്. അഭിനയമോഹവുമായി എത്തിയ ശ്രീനിവാസന് മുന്നിൽ “അഭിനയിക്കണമെങ്കിൽ തിരക്കഥ എഴുതണം, ഇല്ലെങ്കിൽ വേഷമില്ല” എന്ന നിബന്ധനയാണ് പ്രിയദർശൻ വെച്ചത്. തിരക്കഥാ രചനയുടെ ബാലപാഠങ്ങൾ പോലുമറിയാതിരുന്ന ശ്രീനിവാസൻ ആ വെല്ലുവിളി ഏറ്റെടുത്ത് എഴുതിയ ആദ്യ ചിത്രമായിരുന്നു ‘ഓടരുതമ്മാവാ ആളറിയാം’. 1984-ൽ റിലീസ് ചെയ്ത ഈ ചിത്രം വൻ വിജയമായി മാറി.
തുടർന്ന് 1985-ലും 86-ലുമായി അദ്ദേഹം രചിച്ച 14 സിനിമകളും സൂപ്പർ ഹിറ്റുകളായി. മോഹൻലാലിന്‍റെ കരിയർ തന്നെ മാറ്റിമറിച്ച ഈ ചിത്രങ്ങളിലൂടെ പ്രിയദർശൻ എന്ന ഹിറ്റ് സംവിധായകനും മലയാള സിനിമയിൽ വിലാസമുണ്ടാക്കി. പിന്നീട് സത്യൻ അന്തിക്കാടുമായി ചേർന്നുള്ള കൂട്ടുകെട്ടിലൂടെ ‘ടി.പി. ബാലഗോപാലൻ എം.എ’ എന്ന ചിത്രത്തിന് മോഹൻലാലിന് ആദ്യ സംസ്ഥാന പുരസ്കാരം ലഭിച്ചു. 1987 മുതൽ 93 വരെയുള്ള കാലയളവിൽ ശ്രീനിവാസൻ തിരക്കഥയൊരുക്കിയ ഒരു ചിത്രം പോലും പരാജയപ്പെട്ടില്ല എന്നത് ചരിത്രമാണ്.


