സംസ്ഥാനത്തെ സ്പോര്‍ട്സ് സ്കൂളുകള്‍ക്ക് പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കും;മുഖ്യമന്ത്രി

single-img
31 October 2022

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോര്‍ട്സ് സ്കൂളുകള്‍ക്ക് പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതേകുറിച്ച്‌ തീരുമാനമായത്.

യോഗത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാന്‍ എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനുള്ള ചുമതല എസ്.സി.ഇ.ആര്‍.ടിക്ക് നല്‍കും. ചോദ്യപേപ്പര്‍ നിര്‍മ്മാണവും അച്ചടിയും, പരീക്ഷ നടത്തിപ്പ്, മൂല്യ നിര്‍ണ്ണയം, ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ സമയബന്ധിതമായി നടപ്പാക്കുന്നതിന് പരീക്ഷാഭവനെ ചുമതലപ്പെടുത്തുവാനും തീരുമാനമായി.

സ്പോര്‍ടസ് ഹോസ്റ്റലുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ആവശ്യമായ കുട്ടികളെ ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്യും.

സ്പോര്‍ട്സ് സ്കൂളുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിച്ച്‌ ഒരു മാസത്തിനുള്ളില്‍ നിയമനം നടത്തുവാനും യോഗത്തില്‍ തീരുമാനിച്ചു. സ്പോര്‍ട്സ് റസിഡന്‍ഷ്യല്‍ സ്കൂള്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യവും അഭിരുചിയുമുള്ള അധ്യാപകരെ കണ്ടെത്തി ഒരു മാസത്തിനകം സ്പോര്‍ടസ് സ്കൂളുകളില്‍ പുനര്‍വിന്യസിക്കും.

സ്പോര്‍ട്സ് സ്കൂളിലും ഹോസ്റ്റലുകളിലും അനുവദനീയമായ എണ്ണം കുട്ടികളെ പ്രവേശിപ്പിക്കും. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാവുന്ന സ്ഥിതി സൃഷ്ടിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.