റെയിൽവേ ട്രാക്കിൽ നിന്ന് ഷോർട്ട് ഫിലിം വീഡിയോ; യുവാക്കൾക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം

single-img
24 February 2023

രാജ്യതലസ്ഥാനമായ ഡൽഹിയിൽ റെയിൽ വേ ട്രാക്കിൽ നിന്ന് മൊബൈൽ ഫോണിൽ വീഡിയോ പകർത്തുന്നതിനിടെ രണ്ടു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. സംസ്ഥാനത്തെ കാന്തി ന​ഗർ ഫ്ലൈ ഓവറിനടുത്ത് വെച്ചാണ് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചത്.

മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ വാൻ ശർമ്മ(23), സെയിൽസ് മാനായ മോനു(20)എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഈ മാസം 22നാണ് അപകടമുണ്ടായത്. യുവാക്കൾ രണ്ടുപേരും റെയിൽവേ ട്രാക്കിൽ നിന്ന് ഷോർട്ട് ഫിലിം വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. ഈ സമയം ട്രാക്കിലൂടെ വന്ന ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചത്.

വൈകുന്നേരം പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് റെയിൽവേയിലേക്ക് പൊലീസ് എത്തുകയായിരുന്നു. റെയിൽ വേ ട്രാക്കിൽ നിന്ന് രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെടുത്തതായി ദില്ലി പൊലീസ് പറഞ്ഞു. യുവാക്കളുടെ മൃതദേഹം ജിടിബി ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റുകയും ചെയ്തു. സംഭവ സ്ഥലത്തു നിന്ന് ഇരുവരുടേയും മൊബൈൽ ഫോണുകൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇരുവരും കാന്തി ന​ഗറിൽ നിന്നുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി.