ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഷെയ്ൻ നിഗം; പുതിയ തമിഴ് ചിത്രം ‘ഷെയ്ൻ28’ പ്രഖ്യാപിച്ചു

മലയാളത്തിന്റെ പ്രിയതാരം ഷെയ്ൻ നിഗം നായകനാകുന്ന പുതിയ തമിഴ് ചിത്രം ‘ഷെയ്ൻ28’ പ്രഖ്യാപിച്ചു. ക്രിക്കറ്റ് പശ്ചാത്തലമാക്കിയൊരുങ്ങുന്ന സ്പോർട്സ് ആക്ഷൻ ചിത്രമാണ് ‘ഷെയ്ൻ28’. മാസ്സ് സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത തമിഴ് സംവിധായകൻ ആറ്റ്‌ലിയുടെ മുൻ അസിസ്റ്റന്റായ ജഗൻ പെരിയസാമിയാണ്.
കഥ കേട്ടയുടൻ തന്നെ ചിത്രത്തിൽ അഭിനയിക്കാൻ ഷെയ്ൻ നിഗം സമ്മതം മൂളുകയും ഡേറ്റ് നൽകുകയും ചെയ്തതായാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഷെയ്ൻ തമിഴ് സിനിമയിലും സജീവ സാന്നിധ്യമാകാനുള്ള ഒരുക്കത്തിലാണ്.
‘മദ്രാസ്‌കാരൻ’ എന്ന ചിത്രത്തിലൂടെയാണ് ഷെയ്ൻ നിഗം തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ കബഡി പശ്ചാത്തലമാക്കിയ ‘ബൾട്ടി’യിലും താരം അഭിനയിച്ചു. ‘ഷെയ്ൻ28’ കൂടി എത്തുന്നതോടെ സ്പോർട്സ് പശ്ചാത്തലത്തിലുള്ള ചിത്രങ്ങളുമായുള്ള താരത്തിന്റെ ബന്ധം കൂടുതൽ ശക്തമാകും.
ചിത്രത്തിന്റെ സാങ്കേതിക അണിയറപ്രവർത്തകരെയും പ്രഖ്യാപിച്ചിട്ടുണ്ട്. റാമറാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം രസമതിയും കലാസംവിധാനം അയ്യപ്പനും നിർവഹിക്കും. വസ്ത്രാലങ്കാരം ലേഖ മോഹൻ. വിഎഫ്എക്സ് ജോലികൾ ഹോഴ്സ്മാൻ വിഎഫ്എക്സ് ഇന്ത്യ നിർവഹിക്കും.
ശ്രീനാഥ് വിജയിയാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്. എംസി റൂഡ് റാപ്പ് നിർവഹിക്കും. സി.ആർ. ഷാൻ സൗണ്ട് ഡിസൈനും റഹ്മത്തുള്ള എ.എം. മിക്സിങ്, മാസ്റ്ററിങ് ജോലികളും കൈകാര്യം ചെയ്യും.
തമിഴ് സിനിമയിൽ തുടർച്ചയായി വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലൂടെ തന്റെ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഷെയ്ൻ നിഗം. ക്രിക്കറ്റ് പശ്ചാത്തലത്തിലുള്ള ‘ഷെയ്ൻ28’ താരത്തിന്റെ തമിഴ് കരിയറിൽ ശ്രദ്ധേയമായ മറ്റൊരു ചിത്രമാകുമെന്നാണ് പ്രതീക്ഷ.


