വ്യാജ ഡിഗ്രി വിവാദം; എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തു

single-img
19 June 2023

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തില്‍ ആരോപണം നേരിടുന്ന എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ കോളേജിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ എംഎസ്എം കോളജിലെ വിവാദത്തെ തുടര്‍ന്നാണ് നടപടി. വിഷയത്തില്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഉടന്‍ തന്നെ പൊലീസില്‍ പരാതിപ്പെടുമെന്നും കോളജിന് ഒന്നും മറച്ചുവക്കാനും ആരെയും സംരക്ഷിക്കാനുമില്ലെന്നും പ്രിന്‍സിപ്പാല്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

അഡ്മിഷനായി ആദ്യം യൂണിവേഴ്‌സിറ്റിയിലാണ് നിഖില്‍ തോമസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. അവിടെ നിന്ന് പിന്നീട് വേരിഫിക്കേഷന്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങിയാണ് കോളേജിൽ കൊണ്ടുവന്നത്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഇപ്പോഴാണ് ബോധ്യപ്പെടുന്നത്.

അതേസമയം, സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടത് യൂണിവേഴ്‌സിറ്റിയാണ്. കോളജിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. അതേസമയം, നിഖില്‍ തോമസ് കലിംഗ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിട്ടില്ലെന്ന് സര്‍വ്വകാലാശാല രജിസ്ട്രാര്‍ അറിയിച്ചു.

നിഖിലിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സര്‍വ്വകാലാശാലയും സ്ഥിരീകരിച്ചു. നിഖിലിനും എംഎസ്എം കോളേജിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള സര്‍വ്വകലാശാല വിസി ഡോ. മേഹനനന്‍ കുന്നുമ്മല്‍ അറിയിച്ചിട്ടുണ്ട്.