മഹാരാഷ്ട്രയില്‍ കനത്തമഴയില്‍ മരം കടപുഴകി വീണ് ഏഴ് പേര്‍ മരിച്ചു

single-img
10 April 2023

മഹാരാഷ്ട്രയില്‍ കനത്തമഴയില്‍ മരം കടപുഴകി വീണ് ഏഴ് പേര്‍ മരിച്ചു. അകോലയിലെ ക്ഷേത്രത്തിന് സമീപമുള്ള ഷെഡ്ഡിന് മുകളിലാണ് കൂറ്റന്‍ മരം വീണത്.

അപകടത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

ക്ഷേത്രത്തില്‍ മതപരമായ ചടങ്ങിനിടെയാണ് സംഭവം. കനത്ത മഴയിലും ശക്തമായ കാറ്റിലും വേപ്പ് മരം ഷെഡ്ഡിന് മുകളില്‍ വീഴുകയായിരുന്നു. ഈ സമയം നാല്‍പ്പതോളം പേര്‍ ഷെഡ്ഡിനടിയിലുണ്ടായിരുന്നു. ഇതില്‍ ഏഴ് പേരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

കളക്ടറും പൊലീസ് സൂപ്രണ്ടും സംഭവ സ്ഥലം സന്ദര്‍ശിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ‘ഭക്തരുടെ മരണം വേദനാജനകമാണ്. അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. അവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കും.’- അദ്ദേഹം പറഞ്ഞു.