വിമത നീക്കം ഉപേക്ഷിച്ച് സഞ്ജയ് ഖാനും പ്രവർത്തകരും; ചേർത്തുനിർത്തി ആശ്വസിപ്പിച്ച് കെ.സി. വേണുഗോപാൽ

പാർട്ടി അല്ലാതെ മറ്റൊന്നും വലുതല്ലന്ന തിരിച്ചറിവോടെ വിമത നീക്കം ഉപേക്ഷിച്ച് തിരിച്ചെത്തിയ മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ ചേർത്തു നിറുത്തി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.
പുനലൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വിമത സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങിയിരുന്ന അഡ്വ. എസ്.ഇ സഞ്ജയ് ഖാനെയും അദ്ദേഹത്തോടൊപ്പം നിന്ന പ്രവർത്തകരെയും വീണ്ടും യുഡിഎഫ് പാളയത്തിലേക്ക് തിരികെ കൊണ്ടുവരാൻ കെ. സി വേണുഗോപാലിൻ്റെ ഇടപെടലാണ് ഒടുവിൽ നിർണായകമായത്.
“ചേർത്തുനിർത്തുന്നതാണ് രാഷ്ട്രീയം, ചേർത്തുനിർത്തുന്നവനാണ് നേതാവ്” — ഈ ആശയമാണ് അടൂരിൽ ഇന്ന് ദൃശ്യമായത്. സഞ്ജയ് ഖാനെ പ്രവർത്തകരോടൊപ്പം ചേർത്തുപിടിച്ച കെ.സി. വേണുഗോപാലിന്റെ നടപടി, അതീവ വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി. ഐക്യവും ഉൾക്കൊള്ളലും ആണ് കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ശക്തിയെന്ന് വീണ്ടും തെളിയിക്കുന്ന ഈ നടപടി, പ്രവർത്തകർക്കും നേതൃത്വത്തിനും ഇടയിലെ വിശ്വാസബന്ധം കൂടുതൽ ഉറപ്പിക്കുന്നതായും വിലയിരുത്തപ്പെടുന്നു.
ഇത് നിർണായക ഇലക്ഷൻ ആണെന്നും നീ ചെയ്ത ത്യാഗത്തിന് കൃത്യമായ കൂലി ലഭിക്കുമെന്നും കെസി വ്യക്തമാക്കി. സഞ്ജയ് ഏറ്റവും നല്ല സ്ഥാനാർഥിയായിരുന്നുവെന്നും മത്സരിച്ചിരുന്നെങ്കിൽ ഉറപ്പായും വിജയം ഉണ്ടായേനെ. നിൻ്റെ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി ഞാൻ അടക്കം നിരവധി പേർ ശ്രമിച്ചതാണ്. ഈ തെരഞ്ഞെടുപ്പ് നിർണായകമാണെന്നും, സഞ്ജയ് ചെയ്ത ത്യാഗം വിലകുറഞ്ഞതാവില്ലെന്നും കെ.സി. ഉറപ്പുനൽകി. “സഞ്ജയ് മികച്ച സ്ഥാനാർത്ഥിയായിരുന്നു. മത്സരിച്ചിരുന്നെങ്കിൽ വിജയം ഉറപ്പായിരുന്നു. എന്നാൽ പാർട്ടിയുടെ ആവശ്യമാണ് ഇപ്പോൾ മുൻഗണന. ഹൃദയത്തിൽ പാർട്ടി ഉള്ളിടത്തോളം ഈ പോരാട്ടത്തിൽ കൂടെയുണ്ടാകണം,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ സഞ്ജയ് ചെയ്ത ത്യാഗത്തിന് കൂലി ലഭിക്കുമെന്നും കെ സി ഉറപ്പുനൽകി. സഞ്ജയിനും പ്രവർത്തകർക്കും ഉണ്ടായ വിഷമം കൃത്യമായി മനസ്സിലാകുന്നതാണെന്നും അതിനു വാദിച്ചു നിൽക്കാൻ സമയമില്ലെന്നും, പാർട്ടിക്കൊപ്പം നിൽക്കണമെന്നുമാണ് എൻറെ അഭിപ്രായമെന്ന് കെസി പറഞ്ഞു. “പാർട്ടിയുടെ സ്വത്തായ നിന്നെ ഞങ്ങൾ ഒരിക്കലും കൈവിടില്ല,” എന്നായിരുന്നു കെ.സി.യുടെ മറുപടി. വാർത്ത അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തി സഞ്ജയിനെ കണ്ടതും അതുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. “നിന്റെ രാഷ്ട്രീയ നിലപാടിനും മാന്യതയ്ക്കും അനുസരിച്ച് പാർട്ടി നിന്നെ സംരക്ഷിക്കും. തല ഉയർത്തി നടക്കാൻ വേണ്ട എല്ലാ അവസരവും ഒരുക്കും,” എന്നായിരുന്നു കെസിയുടെ വാഗ്ദാനം.
വൈകാരികമായി പ്രതികരിച്ച സഞ്ജയ് ഖാൻ, “ഈ പാർട്ടിയാണ് എന്റെ ജീവൻ,” എന്ന് പറഞ്ഞു. തന്റെ വ്യക്തിപരമായ ബന്ധങ്ങളെയും ഓർമ്മിപ്പിച്ചുകൊണ്ട്, “എന്റെ പേര് സഞ്ജയ് ഖാൻ… എന്റെ സഹോദരിയുടെ പേര് സോണി…” എന്നുവെച്ച് അദ്ദേഹത്തിന്റെ വികാരം പുറത്തുവന്നു. കോണ്‍ഗ്രസ് എന്റെ രക്തമാണ്, എന്റെ കുടുംബത്തെ പോലെ ഞാനെന്റെ കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നു… എന്റെ പ്രസ്ഥാനത്തിന് ഒരു പോറല്‍ പോലും ഏല്‍ക്കാന്‍ ഞാന്‍ കാരണക്കാരന്‍ ആകില്ല.
സംസ്ഥാനത്ത് പിണറായി സര്‍ക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടത്തിന് കരുത്തുപകരും. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എന്നെ കെട്ടിപ്പുണര്‍ന്ന് ഹൃദയത്തിന്റെ ഉള്ളിന്റെ ഉള്ളില്‍ നിന്നും ബഹുമാന്യനായ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ അതുമതി ജീവിതകാലം മുഴുവന്‍ ഒരു പോസ്റ്റും ഇല്ലാതെ പാര്‍ട്ടിയെ സ്‌നേഹിക്കുവാന്‍.
അടൂരിൽ നടന്ന ഈ സംഭവം, രാഷ്ട്രീയത്തിൽ വിശ്വാസവും ഐക്യവും എത്ര വലിയ ശക്തിയാണെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നതായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി നിർണയമുൾപ്പടെ നിരവധി അസ്വാരസ്യങ്ങൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നിരുന്നെങ്കിലും എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ നേതാക്കൾക്കൊപ്പം ചേർന്ന് കെ.സി. വേണുഗോപാൽ എംപി നടത്തിയ നീക്കങ്ങളാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ഇതോടൊപ്പ സംസ്ഥാനതലത്തിൽ വരെ വാർത്തയായി മാറിയ സഞ്ജയ് ഖാൻ്റെ വിമത നീക്കത്തെ അവസാനിപ്പിച്ച ചേർത്തു നിറുത്തിയ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയുടെ ഇടപെടലിനും വീണ്ടും കൈയ്യടി ലഭിക്കുകയാണ്.
ഒരു പരിധിവരെ വിമതനീക്കങ്ങളും അസ്വാരസ്യങ്ങളും കുറച്ചുകൊണ്ടുവന്ന് ശക്തമായ നേതൃനിരയോടെയാണ് ടീം യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പത്തുവർഷക്കാലത്തെ എൽഡിഎഫ് ഭരണത്തിന് അറുതി വരുത്തി അധികാരത്തിൽ എത്തി ജനോപകാര പ്രവർത്തനങ്ങൾ നടത്തുകയെന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേന്ദ്ര സംസ്ഥാന നേതാക്കളുടെ കാര്യക്ഷമമായ ഇടപെടലുകളെത്തുടർന്ന് പ്രശ്നപരഹാരം കണ്ടെത്തിയാണ് ടീം യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.


