ഭരണഘടനക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാർ തലച്ചോറാണ് സിഎഎക്ക് പിന്നിൽ: മുഖ്യമന്ത്രി

single-img
14 March 2024

കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധവും വർഗ്ഗീയ അജണ്ടയുടെ ഭാഗവുമാണെന്നും കേരളം നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുൻപേ തന്നെ ഉളള നിലപാടിൽ കേരളം ഉറച്ച് നിൽക്കുകയാണ്. തെരഞ്ഞെടുപ്പിന് മുൻപ് ധൃതി പിടിച്ച് ചട്ടം ഉണ്ടാക്കിയതിനെതിരെ കേരളം നിയമപരമായ തുടർനടപടി സ്വീകരിക്കും. മതാധിഷ്ടിതമായി ജനങ്ങളെ വിഭജിക്കാനാകില്ല.

സംഘപരിവാറിന്റെ ഹീനനടപടി അന്താരാഷ്ട്ര തലത്തിൽ വരെ വിമർശിക്കപ്പെടുകയാണ്. ഭരണഘടന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. മുസ്ലീംങ്ങളെ രണ്ടാംതരം പൗരൻമാരാക്കുന്നതാണ് ഈ നിയമം. ഭരണഘടനക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാർ തലച്ചോറാണ് സിഎഎക്ക് പിന്നിലെന്നും പിണറായി കുറ്റപ്പെടുത്തി.

മൗലിക അവകാശം ഹനിക്കുന്ന ഒരു നിയമവും ഒരു സർക്കാരിനും കൊണ്ടുവരാനാകില്ല. കുടിയേറ്റക്കാരെ എങ്ങനെയാണ് മുസ്ലീങ്ങളെന്നും മുസ്ലീം ഇതര വിഭാഗമെന്നും വേർതിരിക്കുന്നത് ? പൗരത്വ നിയമ ഭേദഗതിയുടെ രാഷ്ട്രീയ ലക്ഷ്യമാണ് എതിർക്കപ്പെടുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിപക്ഷത്തെ കൂടി അണിനിരത്തി കേരളം നേരത്തെ സമരം ചെയ്തിരുന്നു.

നിയമസഭാ പ്രമേയം അടക്കം നിയമം പാസാക്കി. എന്നാൽ കോൺഗ്രസ് ആദ്യഘട്ടത്തിൽ യോജിപ്പിന് തയ്യാറായെങ്കിലും പെട്ടെന്ന് നിലപാട് മാറ്റി. അന്നത്തെ കെപിസിസി പ്രസിഡന്റ് പ്രമേയത്തെ പരിഹസിച്ചു. പ്രക്ഷോഭങ്ങളിൽ അണിനിരന്നവർക്കെതിരെ പാർട്ടിതല നടപടി എടുത്തു. ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺഗ്രസ് നിലപാടെന്നും പിണറായി കുറ്റപ്പെടുത്തി.