സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ “പാകിസ്താനിലേക്ക് പോകണം; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സൈനിക് സ്കൂൾ ചെയർമാൻ

മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ “പാകിസ്താനിലേക്ക് പോകണം” എന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ രാജു ഡേവിസ്. പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.
തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നതായി ശബ്ദസന്ദേശത്തിലൂടെ രാജു ഡേവിസ് അറിയിച്ചു. ആരെയും മനഃപൂർവം വേദനിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ നടത്തിയ പരാമർശമല്ല അതെന്നും, ചില വാക്കുകൾ ഉപയോഗിക്കരുതായിരുന്നുവെന്ന് ഇപ്പോൾ മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു രാജു ഡേവിസ് വിവാദ സന്ദേശം പങ്കുവെച്ചത്. ഒരു ലക്ഷം രൂപയിലധികം ചെലവഴിച്ച് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തവർ പാകിസ്താനിലേക്ക് പോകണമെന്നും, അന്നേദിവസം സ്കൂളിൽ എത്താതിരുന്ന കുട്ടികൾക്ക് ഇവിടെ ജീവിക്കാൻ പോലും അർഹതയില്ലെന്നുമായിരുന്നു സന്ദേശത്തിലെ പരാമർശം.
സംഭവം വിവാദമായതോടെ സ്കൂൾ ചെയർമാനെതിരെ നിയമനടപടി ആവശ്യപ്പെട്ട് പരാതി ഉയർന്നു. കുട്ടികളിൽ വർഗീയവും ദേശീയവുമായ വിഭജനങ്ങൾ സൃഷ്ടിക്കാനും അനാവശ്യ ഭീതി പരത്താനും ശ്രമിച്ചുവെന്ന് ആരോപിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് അഡ്വ. ഫായിസ് എ.എച്ച് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്ന് പ്രതിഷേധവും ശക്തമാകുകയാണ്.


