ശബരിമല സ്വർണപാളി തട്ടിപ്പ് കേസ്; എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

ശബരിമല സ്വർണപാളി തട്ടിപ്പ് കേസിൽ കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.കോഴിക്കോട് പന്നിയങ്കരയിൽ എൻഡിഎ സ്ഥാനാർത്ഥി നമ്പിടി നാരായണൻറെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതികളെ ചോദ്യം ചെയ്യുന്നതിൻറെ എല്ലാ വിശദാംശങ്ങളും കോടതിയെ അറിയിക്കണമെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ നിർദ്ദേശം. എന്നാൽ എല്ലാം എസ്ഐടി മുക്കുകയാണ് ചെയ്യുന്നത്. പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു.
എന്നാൽ അതൊന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചില്ല. ഭരണത്തിൽ അത്രയും സ്വാധീനമുള്ളവരാണ് പ്രതികൾ. അവർക്ക് തെളിവുകൾ നശിപ്പിക്കാൻ സാധിക്കും.
അന്വേഷണ സംഘം കടകംപ്പള്ളിയെ ചോദ്യം ചെയ്യുന്നത് വൈകിക്കുകയാണ്. തെളിവ് നശിപ്പിക്കാൻ വേണ്ടിയാണിതെന്ന് എല്ലാവർക്കും അറിയാം.പദ്മകുമാറിൻറെ അറസ്റ്റ് വൈകിച്ചത് തെളിവ് ഇല്ലാതാക്കാൻ വേണ്ടിയാണ്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.


