ഇറാനിലെ കടന്നുകയറ്റം പാഠമായി; പുടിന്റെ അതീവ രഹസ്യ നിരീക്ഷണ സംവിധാനം ഓഫാക്കി റഷ്യ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഡിജിറ്റൽ യുദ്ധമുറകളുടെയും അതിവേഗ വളർച്ച ആഗോള പ്രതിരോധ മേഖലയെ മാറ്റിമറിക്കുന്നതിന്റെ പുതിയ തെളിവുകൾ പുറത്ത്. ഇറാനിലെ സിസിടിവി ക്യാമറ ശൃംഖലകൾ ഹാക്ക് ചെയ്ത് ഇസ്രയേൽ നടത്തിയ തന്ത്രപരമായ സൈനിക നീക്കത്തിന് പിന്നാലെ, റഷ്യ തങ്ങളുടെ സുരക്ഷാ നയങ്ങളിൽ അടിയന്തിര മാറ്റം വരുത്തി.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെയും ഉന്നത ഉദ്യോഗസ്ഥരെയും സംരക്ഷിക്കാൻ ഉപയോഗിച്ചിരുന്ന അത്യാധുനിക പ്രത്യേക നിരീക്ഷണ സംവിധാനം താൽക്കാലികമായി അടച്ചുപൂട്ടാൻ റഷ്യൻ സുരക്ഷാ ഏജൻസികൾ തീരുമാനിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാനിലെ സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്ത് പാറ്റേൺ തിരിച്ചറിയൽ സാങ്കേതികവിദ്യയിലൂടെ നേതാക്കളുടെ കൃത്യമായ ലൊക്കേഷൻ കണ്ടെത്തിയാണ് ഇസ്രയേൽ ഇന്റലിജൻസ് ഏജൻസികൾ ആക്രമണം നടത്തിയത്. പരമ്പരാഗത ചാരവൃത്തിക്ക് അപ്പുറം ഒരു രാജ്യത്തിന്റെ തന്നെ നിരീക്ഷണ സംവിധാനങ്ങളെ അവർക്കെതിരെ ആയുധമാക്കിയ ഈ സംഭവം റഷ്യയെ കടുത്ത ജാഗ്രതയിലാക്കുകയായിരുന്നു.
‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് അനുസരിച്ച്, റഷ്യയിലെ സാധാരണ പൗരന്മാരെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന മൂന്ന് ലക്ഷത്തോളം വരുന്ന പൊതു സിസിടിവി ക്യാമറകളിൽ നിന്ന് തികച്ചും വേറിട്ടുനിൽക്കുന്നതാണ് പുടിന്റെ ഈ പ്രത്യേക നിരീക്ഷണ സംവിധാനം. ഇറാന്റെ അനുഭവം മുൻനിർത്തി, ഈ സംവിധാനത്തിൽ ഉണ്ടായേക്കാവുന്ന ഡിജിറ്റൽ സുരക്ഷാ പിഴവുകൾ റഷ്യൻ സൈനിക എഞ്ചിനീയർമാർ വിശദമായി പരിശോധിച്ചു. ഇതിന്റെ ഇന്റർനെറ്റ് ശൃംഖലയുമായുള്ള ബന്ധം പൂർണ്ണമായി വിച്ഛേദിച്ച ശേഷമായിരിക്കും കൂടുതൽ സുരക്ഷാ കരുത്തോടെ ഇത് പുനഃക്രമീകരിക്കുക.
അമേരിക്കയും ഇസ്രയേലും ഉൾപ്പെടെയുള്ള പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ എഐ സാങ്കേതികവിദ്യയിൽ കൈവരിച്ച മുന്നേറ്റമാണ് റഷ്യയെ ഈ പ്രതിരോധ നടപടിക്ക് പ്രേരിപ്പിച്ചത്. ആയിരക്കണക്കിന് ക്യാമറകളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് മണിക്കൂർ നീളുന്ന വീഡിയോ ദൃശ്യങ്ങൾ വെറും മിനിറ്റുകൾക്കുള്ളിൽ വിശകലനം ചെയ്യാൻ സാധിക്കുന്ന അത്യാധുനിക എഐ ടൂളുകൾ ഇന്ന് പാശ്ചാത്യ രാജ്യങ്ങളുടെ പക്കലുണ്ട്.
ദൃശ്യങ്ങളിലെ മനുഷ്യരുടെ പെരുമാറ്റ രീതികൾ, വസ്ത്രധാരണം, ചലനങ്ങൾ എന്നിവ സൂക്ഷ്മമായി നിരീക്ഷിച്ച് വി.ഐ.പികളുടെ യാത്രാ വിവരങ്ങളും ഒളിത്താവളങ്ങളും കൃത്യമായി കണ്ടെത്താൻ ഈ എഐ സംവിധാനങ്ങൾക്ക് സാധിക്കും. ഈ അത്യാധുനിക സാങ്കേതിക വെല്ലുവിളിയെ പ്രതിരോധിക്കാനാണ് റഷ്യ ഇപ്പോൾ തങ്ങളുടെ സുരക്ഷാ ശൃംഖലകൾ താൽക്കാലികമായി ഡിജിറ്റൽ ലോകത്തുനിന്ന് മാറ്റിനിർത്തിയിരിക്കുന്നത്.


