93-ാം വയസ്സിൽ അഞ്ചാംവിവാഹവുമായി റൂപർട്ട് മർഡോക്ക്

single-img
3 June 2024

ലോകപ്രശസ്തനായ മാധ്യമ വ്യവസായി റൂപർട്ട് മർഡോക്ക് 93-ാം വയസ്സിൽ അഞ്ചാമതും വിവാഹിതനായി. 67 വയസുള്ള റിട്ടയേർഡ് മറൈൻ ബയോളജിസ്റ്റ് എലീന സുക്കോവയെയാണ് റൂപർട്ട് മർഡോക്ക് വിവാഹം ചെയ്തത്. കാലിഫോർണിയയിലെ ഫാംഹൗസിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. മുൻപ് ഒരു പോലീസ് ഓഫീസർ ആൻ ലെസ്ലി സ്മിത്തുമായുള്ള വിവാഹനിശ്ചയം 2023 ഏപ്രിലിൽ റദ്ദാക്കിയതിന് തൊട്ടുപിന്നാലെ മർഡോക്ക് സുക്കോവയുമായി ഡേറ്റിംഗ് നടത്തുന്നുവെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

67-വയസുള്ള എലീന മോസ്കോ സ്വദേശിനിയാണ്. ഓഗസ്റ്റിലാണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. മർഡോക്കിന്റെറെ മൂന്നാം ഭാര്യ വെൻഡി ഡാങ്ങ് വഴിയാണ് മർഡോക്കും എലീനയും കണ്ടുമുട്ടുന്നത്.

ലോസ് ആഞ്ജലീസിൽ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ റിസർച്ച് യൂണിറ്റിലാണ് എലീന ജോലി ചെയ്തിരുന്നത്. എലീനയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്. മർഡോക്ക് ആദ്യം വിവാഹം കഴിച്ചത് ഓസ്‌ട്രേലിയൻ ഫ്ലൈറ്റ് അറ്റൻഡൻ്റായ പട്രീഷ്യ ബുക്കറെയാണ്.

1960 കളുടെ അവസാനത്തിൽ ഇരുവരും വിവാഹമോചിതരായി. 1999-ൽ വിവാഹമോചനം നേടുന്നതിന് മുമ്പ് അദ്ദേഹവും പത്ര റിപ്പോർട്ടറായ അന്ന ടോർവും 30 വർഷത്തിലേറെ ഒരുമിച്ചായിരുന്നു. വെൻഡി ഡെംഗുമായുള്ള അദ്ദേഹത്തിൻ്റെ മൂന്നാം വിവാഹം 2013-ൽ അവസാനിച്ചു.