പ്രശാന്ത് കിഷോറുമായി രഹസ്യ കൂടിക്കാഴ്ച; വിജയ്‌ രാഷ്ട്രീയത്തിലേക്ക് എന്ന് അഭ്യൂഹം

single-img
5 April 2023

താൻ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ഒരിക്കൽ പറഞ്ഞ താരമാണ് വിജയ്. പക്ഷെ ഇപ്പോഴും വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി തന്നെ നടക്കാറുണ്ട്. വിജയ്ക്ക് താല്പര്യമില്ലെങ്കിലും അദ്ദേഹത്തിന്റെ പേരില്‍ വിജയ് മക്കള്‍ ഈയക്കം എന്ന പാര്‍ട്ടി പ്രവര്‍ത്തിക്കുന്നുണ്ട്.

അതേസമയം, താരം ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനുള്ള സൂചന നല്‍കിയാണ് ഇപ്പോള്‍ പുതിയൊരു റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയുമായും പുതുച്ചേരിയില്‍ എന്‍ആര്‍ കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കാന്‍ വിജയ് നീക്കം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകരാണ് ഇത് സംബന്ധിച്ച് വ്യാപക പ്രചാരണം നടത്തുന്നത്.

കഴിഞ്ഞ ദിവസം പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസാമി വിജയ്യെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് എന്‍ആര്‍ കോണ്‍ഗ്രസ് സഖ്യം എന്ന പ്രചാരണത്തിന് ശക്തിയേറിയത്. ഇതിനിടെ പ്രശസ്ത തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി വിജയ് രഹസ്യ കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചു വിജയ് വിരമിച്ച പൊലീസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍, മുന്‍ എംഎല്‍എമാര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരോട് ഉപദേശം തേടിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.