ലോകത്തിലെ ഏറ്റവും ധനികരായ നടന്മാർ; ടോം ക്രൂസിനെ പിന്നിലാക്കി ഷാരൂഖ്

single-img
12 January 2023

ലോകത്തിലെ ഇപ്പോഴുള്ളതിൽ ഏറ്റവും ധനികരായ നടന്മാരുടെ പട്ടികയില്‍ സ്ഥാനം നേടി ഇന്ത്യൻ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. കഴിഞ്ഞ ഞായറാഴ്ച വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പട്ടികയിൽ നാലാം സ്ഥാനത്താണ് ഷാരൂഖ്. യുഎസ്‌ കൊമേഡിയനും നടനും എഴുത്തുകാരനുമായ ജെറി സീൻഫെൽഡാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്.

ഇദ്ദേഹം 1 ബില്യൺ ഡോളർ ആസ്തിയുമായി ആണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. 1 ബില്യൺ ഡോളറോളം അസ്തിയുള്ള ടൈലർ പെറിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഏകദേശം 800 മില്യൺ ഡോളർ ആസ്തിയുള്ള ഡ്വെയ്ൻ ജോൺസണും തൊട്ടുപിന്നിൽ. അതിന് പിന്നില്‍ ഷാരൂഖും. ആദ്യ അഞ്ചില്‍ ഷാരൂഖിന് പിന്നില്‍ ടോം ക്രൂസും ഉണ്ട്.

ഡ്വെയ്ൻ ജോൺസൺ, ടോം ക്രൂസ്, ജാക്കി ചാൻ, ജോർജ്ജ് ക്ലൂണി, റോബർട്ട് ഡി നിരോ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം പട്ടികയിൽ സ്ഥാനം നേടിയ ഏക ഇന്ത്യൻ നടനാണ് ഷാരൂഖ് ഖാൻ. ഷാരൂഖിന്റെ ആസ്തി 770 മില്യൺ ഡോളറാണ് എന്നാണ് പട്ടിക പറയുന്നത്.

ഷാരൂഖിന്റെ സ്വന്തം വീടായ മന്നത്തിന്റെ വില മാത്രം 200 കോടിയാണെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം തന്നെ ഷാരൂഖിന്റെ വാനിറ്റി വാനിന് തന്നെ അഞ്ച് കോടി രൂപ വിലവരുമെന്നാണ് റിപ്പോർട്ട്. ബോളിവുഡിലെ ഒരു താരത്തിന് സ്വന്തമായുള്ള ഏറ്റവും വിലകൂടിയ ആഡംബര വാനിറ്റി വാനാണ് ഇത്.