നെല്ല് സംഭരണം; കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കാനുള്ളത് 1079 കോടി

single-img
25 May 2024

നെല്ല് സംഭരിച്ചതിലൂടെ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കാനുള്ളത് 1079 കോടി രൂപയെന്ന് കേരളാ സര്‍ക്കാര്‍. 2023-24ലെ നാലാം പാദത്തിലെ 195.38 കോടി രൂപയും 2024-25ല്‍ ഒന്നാം പാദത്തില്‍ മുന്‍കൂറായി കിട്ടേണ്ട 376.34 കോടിയും നല്‍കിയിട്ടില്ല. മുന്‍

കഴിഞ്ഞ വര്‍ഷങ്ങളിലെ കുടിശ്ശികയായി 507.28 കോടി രൂപയും ലഭിക്കാനുണ്ട്. നിലവിൽ കേന്ദ്രത്തിന്റെ പണം ലഭിക്കാൻ കാത്തിരിക്കാതെ കര്‍ഷകര്‍ക്ക് തുക വിതരണം ചെയ്യുകയാണ് സംസ്ഥാനം. സംഭരിച്ച നെല്ലിന്റെ ആകെ വിലയായ 1512.9 കോടി രൂപയില്‍ 879.95 കോടിയും സപ്ലൈകോ വിതരണംചെയ്തു. വിതരണത്തില്‍ തടസ്സമില്ലാതിരിക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായുള്ള കരാര്‍ പ്രകാരം 224.26 കോടി രൂപ കൂടി പിആര്‍എസ് വായ്പയായി ഇനിയും ലഭിക്കും.

താങ്ങുവിലയിനത്തില്‍ കേന്ദ്രം നല്‍കിയ തുകയില്‍ 130 കോടി രൂപകൂടി സപ്ലൈകോയുടെ പക്കലുണ്ട്. കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്‍കുന്ന നടപടി ഊര്‍ജിതമാക്കുന്നതിന് ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.