റിസർവ് ബാങ്ക് കേന്ദ്രസർക്കാരിന് 87,416 കോടി രൂപ ഡിവിഡന്റായി നൽകുന്നു

single-img
19 May 2023

റിസർവ് ബാങ്ക് കേന്ദ്രസർക്കാരിന് 87,416 കോടി രൂപ ഡിവിഡന്റായി നൽകും. ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ 602-ാമത് യോഗത്തിലാണ് തീരുമാനം.

ഈ വർഷം മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ മിച്ചമുള്ള തുകയാണ് കേന്ദ്ര സർക്കാരിന് കൈമാറാൻ ബോർഡ് അനുമതി നൽകിയത്. രാജ്യത്തെ സെൻട്രൽ ബാങ്ക്, പൊതുമേഖലാ ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് 2023 സാമ്പത്തിക വർഷത്തേക്ക് 480 ബില്യൺ രൂപയുടെ ലാഭവിഹിതം സർക്കാർ ബജറ്റിൽ വകയിരുത്തിയിരുന്നു.

ഇതോടൊപ്പം കണ്ടിൻജൻസി റിസ്ക് ബഫർ 6 ശതമാനമായി നിലനിർത്താൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. 10 വർഷത്തെ ബോണ്ട് വരുമാനം 5 ബേസിസ് പോയിൻറ് ഉയർന്ന് 7.01 ശതമാനത്തിലെത്തി. 2022-23 കാലയളവിൽ ആർബിഐയുടെ പ്രവർത്തനത്തെ കുറിച്ചും ബോർഡ് ചർച്ച ചെയ്യുകയും ഈ വർഷത്തെ സെൻട്രൽ ബാങ്കിന്റെ വാർഷിക റിപ്പോർട്ടും അക്കൗണ്ടുകളും അംഗീകരിക്കുകയും ചെയ്തു.

2022 സാമ്പത്തിക വർഷത്തിൽ ആർബിഐ 30307 കോടി രൂപ സർക്കാരിന് കൈമാറിയിരുന്നു. ഇപ്പോഴുള്ള ആഗോള ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളുടെ ആഘാതം ഉൾപ്പെടെ ആഗോളവും ആഭ്യന്തരവുമായ സാമ്പത്തിക സ്ഥിതിയും അതുമായി ബന്ധപ്പെട്ട വെല്ലുവിളികളും ബോർഡ് യോഗത്തിൽ അവലോകനം ചെയ്‌തതായി ആർബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.