ചടയമംഗലത്ത് 17 വയസ്സുകാരി ആത്മഹത്യ ചെയ്തത് ആണ്‍സുഹൃത്തിന്റെ ശല്യം കാരണമെന്ന് ബന്ധുക്കളുടെ പരാതി

single-img
15 March 2023

ചടയമംഗലത്ത് 17 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് ബന്ധുക്കളുടെ പരാതി.

പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് ശല്യം ചെയ്തതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. അതിനിടെ, സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ മകളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പരീക്ഷാക്കാലത്ത് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് ശല്യം ചെയ്തത് കൊണ്ടാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് ആണ്‍സുഹൃത്തുമായി പെണ്‍കുട്ടി അടുപ്പത്തിലായതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ പെണ്‍കുട്ടിക്ക് ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. വീട്ടുകാര്‍ പലപ്രാവശ്യം വിലക്കിയിട്ടും ആണ്‍ സുഹൃത്ത് ശല്യം ചെയ്തു. പെണ്‍കുട്ടിയെ പിന്നീട് കട്ടപ്പനയിലെ ബന്ധു വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

ആണ്‍സുഹൃത്ത് തിങ്കളാഴ്ച പെണ്‍കുട്ടിയുമായി വഴിയില്‍നിന്ന് സംസാരിക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഇതിനു ശേഷമാണ് തൂങ്ങിമരിച്ചതെന്നാണ് ആക്ഷേപം.