ചിന്താ ജെറോമിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രതികരണങ്ങൾ പ്രതിഷേധാർഹം; കെകെ ശൈലജ

single-img
7 January 2023

കേരളാ സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് പിന്തുണയുമായി മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തിൽ കമ്മീഷൻ ചെയർമാൻമാർക്കെല്ലാം നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നതെന്നും ആ കാരണത്താൽ ഒരാളെ മാത്രം ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കെകെ ശൈലജ തന്റെ ഫേസ്ബുക്കിൽ എഴുതുകയായിരുന്നു .

അതേസമയം, സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയിരുന്നു. നിലവിൽ സമാനതകളില്ലാത്ത കടുത്ത ധന പ്രതിസന്ധിയിലൂടെ സർക്കാർ കടന്നു പോകുമ്പോൾ യൂത്ത് കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയാക്കുകയും അതിന് മുൻകാല പ്രാബല്യം നൽകുകയും ചെയ്തതിലൂടെ സർക്കാർ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് വി ഡി സതീശൻ ചോദിക്കുകയുണ്ടായി.

കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രാജ്യത്ത് വിവിധങ്ങളായ സ്റ്റാറ്റ്യൂട്ടറി കമ്മീഷനുകൾ ഇന്ന് നിലവിലുണ്ട്. ഉത്തരവാദിത്വപ്പെട്ട സ്ഥാനമെന്ന നിലയിൽ കമ്മീഷൻ ചെയർമാൻമാർക്കെല്ലാം നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നത്.

അതിൻ്റെ പേരിൽ ഒരാളെ മാത്രം ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. രാഷ്ട്രീയ വിമർശനങ്ങൾ സ്ത്രീകൾക്കെതിരെയാവുമ്പോൾ കൂടുതൽ വ്യക്തികേന്ദ്രീകൃതവും സഭ്യതയുടെ സീമകൾ ലംഘിക്കുന്നതുമാവുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല.

വാസ്തവ വിരുദ്ധമായ കാര്യത്തെ മുൻനിർത്തി സഖാവ് ചിന്താ ജെറോമിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രതികരണങ്ങൾ പ്രതിഷേധാർഹമാണ്.