ഷാരൂഖ് ഖാന്റെ പേരിൽ മാത്രമുണ്ടായിരുന്ന റെക്കോർഡും വഴിമാറി ; രൺബീറിന്റെ ‘അനിമൽ’ മൂന്ന് ദിവസത്തിൽ നേടിയത് 200 കോടി

single-img
4 December 2023

ബോളിവുഡ് താരം രൺബീർ കപൂറിനെ കേന്ദ്ര കഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം നിർവഹിച്ച ആക്ഷൻ സിനിമയാണ് ‘അനിമൽ’ ). റിലീസ് ചെയ്ത ആദ്യ ദിനം തന്നെ മികച്ച തുടക്കം കുറിച്ച ചിത്രം രൺബീറിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് നേടി. ചിത്രത്തിന്റെ ആദ്യ ദിവസത്തെ വരുമാനം ബോളിവുഡ് റെക്കോർഡുകളിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഓപ്പണിംഗ് ആയി മാറി.

ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ പ്രതീക്ഷകൾക്ക് അപ്പുറം മികച്ച കളക്ഷനാണ് മൂന്നാം ദിനമായ ഞായറാഴ്ച നേടിയത്. മുൻപ് ഷാരൂഖ് ഖാന്റെ പേരിൽ മാത്രമുണ്ടായിരുന്ന റെക്കോർഡ് ഇപ്പോൾ രൺബീറിന്റെ പേരിലായി. ‘ജവാൻ’, ‘കെജിഎഫ് 2’, ‘പത്താൻ’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രങ്ങൾക്ക് പോലും സൃഷ്ടിക്കാൻ കഴിയാത്ത റെക്കോർഡാണ് ‘അനിമൽ’ സൃഷ്ടിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 63 കോടിയിലധികം കളക്ഷൻ നേടിയ ‘അനിമൽ’ ശനിയാഴ്ച ബോക്‌സ് ഓഫീസിൽ കുതിച്ച് 66 കോടി നേടി.

അതേസമയം ഞായറാഴ്ച അത് പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു. മൂന്നാം ദിനവും ചിത്രത്തിന്റെ കളക്ഷൻ വർധിച്ചതായി ട്രേഡ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മൂന്നാം ദിനം 72 കോടിയിലധികം കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. ഈ വമ്പൻ കളക്ഷനിലൂടെ രൺബീറിന്റെ ചിത്രം ഇന്ത്യയിൽ ഇതുവരെ 200 കോടിയിലധികം കളക്ഷൻ നേടി. ഇതേവരെ ബോളിവുഡിൽ ഷാരൂഖ് ഖാന്റെ ‘ജവാൻ’ മാത്രമാണ് മൂന്ന് ദിവസം കൊണ്ട് 200 കോടി നേടിയത്.

ആദ്യ 3 ദിവസം കൊണ്ട് 206 കോടി രൂപയാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ‘അനിമൽ’ ഷാരൂഖിന്റെ ഈ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ്. ഈ വർഷം ഹിന്ദിയിൽ മൂന്ന് വമ്പൻ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളാണ് പുറത്തിറങ്ങിയത് – പത്താൻ, ജവാൻ, ഗദർ. കഴിഞ്ഞ വർഷം, KGF 2 ഹിന്ദിയിൽ റെക്കോർഡ് വരുമാനം നേടിയിരുന്നു, അതിന് മുമ്പ്, ‘ബാഹുബലി 2’ വർഷങ്ങളായി ഹിന്ദിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു. എന്നാൽ രൺബീറിന്റെ ‘അനിമൽ’ ചെയ്ത അത്ഭുതങ്ങൾ ഈ സിനിമകൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നാണ് വിലയിരുത്തൽ.

മൂന്ന് ദിവസം തുടർച്ചയായി 50 കോടിയിലധികം കളക്ഷൻ നേടിയ ആദ്യ ഹിന്ദി ചിത്രമായി രൺബീറിന്റെ ‘അനിമൽ’ മാറി. ആദ്യ ദിനം 54.75 കോടി നേടിയ ഹിന്ദി പതിപ്പ് രണ്ടാം ദിനം 58 കോടിയിലധികം നേടി. ഞായറാഴ്ച 72 കോടിയിലധികം നേടിയതിൽ, ഹിന്ദി പതിപ്പിന്റെ കളക്ഷൻ 60 കോടിക്ക് അടുത്ത് എത്തും. KGF 2 ഹിന്ദി പതിപ്പിന്റെ ഒന്നും നാലും ദിവസങ്ങളിൽ 50 കോടി കടന്നിരുന്നു, അതേസമയം ഹിന്ദിയിൽ ആദ്യ ദിനം 50 കോടി നേടിയ ‘ജവാന്’ രണ്ടാം ദിനത്തിൽ കളക്ഷൻ കുറവായിരുന്നു. മൂന്നാമത്തെയും നാലാമത്തെയും ദിവസം, ഷാരൂഖിന്റെ ബ്ലോക്ക്ബസ്റ്റർ വീണ്ടും ഹിന്ദിയിൽ 50 കോടി കടന്നു.

ഷാരൂഖിന്റെ ‘പത്താൻ’ അതിന്റെ ഹിന്ദി പതിപ്പിൽ നിന്ന് നാല് ദിവസം കൊണ്ട് 50 കോടിയിലധികം നേടി. രൺബീറിന്റെ ‘അനിമൽ’ ബോക്‌സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടുകയാണ്. വരും ദിവസങ്ങളിൽ ഈ ചിത്രം വരുമാനം കൊണ്ട് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ . ഈ വിജയം രൺബീറിന്റെ താരമൂല്യം മറ്റൊരു തലത്തിലേക്കെത്തിച്ചു