തെരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി എന്തും ചെയ്യും എന്നതിൻ്റെ ഉദാഹരണമാണ് പുൽവാമ ആക്രമണം: ആൻ്റോ ആൻ്റണി

single-img
13 March 2024

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരവേ പുൽവാമ ആക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസിന്റെ ആൻ്റോ ആൻ്റണി എം പി. പുൽവാമ ആക്രമണത്തിൽ പാകിസ്താന് എന്ത് പങ്കെന്നായിരുന്നു ആൻ്റോ ആൻ്റണി എം പിയുടെ ചോദ്യം.

തെരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി എന്തും ചെയ്യും എന്നതിൻ്റെ ഉദാഹരണമാണ് പുൽവാമ ആക്രമണമെന്നും ആൻ്റോ ആൻ്റണി പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി . കേന്ദ്രസർക്കാർ അറിയാതെ പുൽവാമയിലേക്ക് ആർക്കും പ്രവേശിക്കാൻ കഴിയില്ലെന്നും ആൻ്റോ ആൻ്റണി എം പി ചൂണ്ടിക്കാണിച്ചു. അന്നത്തെ കശ്മീർ ഗവർണർ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. കൃത്രിമമായി സൃഷ്ടിച്ച സ്ഫോടനമെന്ന് കശ്മീർ ഗവർണർ പറഞ്ഞിരുന്നു.

നമ്മുടെ രാജ്യത്തിന്റെ ടെറിറ്ററിക്കുള്ളിൽ നടന്ന സ്ഫോടനമാണ് പുൽവാമയിലേത്. ഇത്രയും ആർഡിഎക്സുമായി ഗവൺമെൻ്റിൻ്റെ സംവിധാനം അറിയാതെ ആർക്കും കടന്ന് ചെല്ലാൻ കഴിയില്ല. 42 ജവാൻമാരുടെ ജീവൻ കേന്ദ്രം ബലി കൊടുത്തുവെന്നും ജവാൻമാരെ റോഡിലൂടെ മനപൂർവ്വം നടത്തിച്ചുവെന്നും ആൻ്റോ ആൻ്റണി എം പി കുറ്റപ്പെടുത്തി.

ഇന്ത്യയിൽ ഏറ്റവും സുരക്ഷാ ഭീഷണി നേരിടുന്ന വ്യക്തിയാണ് രാഹുൽ ഗാന്ധി. മണിപ്പൂരിൽ രാഹുൽ ഗാന്ധി ഒറ്റയ്ക്ക് പോയതും ആൻ്റോ ആൻ്റണി എം പി ചൂണ്ടിക്കാണിച്ചു. കോൺഗ്രസ് പറയുന്നത് നടപ്പാക്കുന്ന പാർട്ടിയാണെന്ന് ചൂണ്ടിക്കാണിച്ച ആൻ്റോ ആൻ്റണി ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ സിഎഎ നിയമം എടുത്ത് കളയുമെന്നും വ്യക്തമാക്കി.