എംവിഡി പീഡനത്തിൽ തൃശ്ശൂരിൽ സ്വകാര്യ ബസ് ഉടമയെ കാണാതായി; ആരോപണവുമായി കുടുംബം

single-img
21 November 2025

മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തിൽ മനംനൊന്ത് സ്വകാര്യ ബസ് ഉടമയെ കാണാതായതായി പരാതി. തൃശ്ശൂർ ഇരിങ്ങാലക്കുട എടതിരിഞ്ഞി സ്വദേശിയായ മോഹനൻ കാട്ടിക്കുളത്തിനെയാണ് (67) കാണാതായത്. 2022 മുതൽ സ്വകാര്യ ബസ് സർവീസ് നടത്തുന്ന മോഹനൻ വീട്ടിൽനിന്ന് ഇന്നലെയാണ് പോയത്. ഫോണും സ്ഥിരമായി കഴിക്കുന്ന മരുന്നുകളും അദ്ദേഹം കൊണ്ടുപോയിട്ടില്ല. കൈപ്പമംഗലം പൊലീസ് സ്റ്റേഷനിൽ ഭാര്യ ബീന പരാതി നൽകിയിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ സമ്മർദ്ദവും ഭീഷണിയുമാണ് ഭർത്താവിൻ്റെ തിരോധാനത്തിന് പിന്നിലെന്ന് ഭാര്യ ബീന ആരോപിച്ചു. കുറച്ച് വർഷങ്ങൾക്കു മുമ്പ് സമാനമായ സാഹചര്യത്തിൽ മോഹനൻ നാടുവിട്ടിരുന്നുവെന്നും അന്ന് 20 ദിവസത്തിനുശേഷമാണ് തിരികെ വന്നതെന്നും കുടുംബം പറയുന്നു.

മോഹനൻ കാട്ടിക്കുളത്തിന് നിലവിൽ മൂന്ന് ബസുകളാണുള്ളത്. ഇതിൽ രണ്ടെണ്ണം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചിട്ടിരിക്കുകയാണ്.

എംവിഡി ഉദ്യോഗസ്ഥർ പല കാരണങ്ങൾ പറഞ്ഞ് തുടർച്ചയായി ബസുകൾ പിടിച്ചെടുക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണ് മോഹനൻ നാടുവിട്ടുപോകാൻ കാരണമെന്ന് കുടുംബം ആരോപിക്കുന്നു. എംവിഡി ഉദ്യോഗസ്ഥർക്ക് പുറമെ, മറ്റ് ബസുടമകളുടെ സമ്മർദ്ദവും മോഹനൻ്റെ തിരോധാനത്തിന് പിന്നിലുണ്ടെന്നും ഭാര്യ ബീന പരാതിയിൽ പറയുന്നു. കാണാതായ 67-കാരനായ മോഹനനെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. കൈപ്പമംഗലം പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.