ഓട്ടിസം ബാധിച്ച ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം കഠിന തടവ്

single-img
5 April 2023

ഓട്ടിസം ബാധിച്ച പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും.

പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികം ശിക്ഷ അനുഭവിക്കണം. വെള്ളനാട് പുനലാല്‍ വിമല്‍ നിവാസില്‍ വിമല്‍ കുമാറി(41)നെയാണ് പോക്സോ പ്രത്യേക കോടതി ശിക്ഷിച്ചത്. 2013 സെപ്‌റ്റംബര്‍ 20 നായിരുന്നു കേസിനാസ്പദയായ സംഭവം. 14 കാരനായ ആണ്‍കുട്ടിയെ ആണ് പ്രതി പീഡിപ്പിച്ചത്.

വീട്ടിലെ ചവര്‍ കളയാനായി റോഡിലേക്കിറങ്ങിയ ബാലനെ തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിലേക്കു ബലംപ്രയോഗിച്ച്‌ കൂട്ടിക്കൊണ്ടു പോയാണ് പ്രതി പീഡിപ്പിച്ചത്. ഓട്ടിസം ചികിത്സയിലുള്ള കുട്ടി ഭയന്നുവിറച്ച്‌ നടക്കുന്നതുകണ്ട് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തുപറഞ്ഞത്. അടുത്ത ദിവസം ബസില്‍വെച്ച്‌ കുട്ടി പ്രതിയെ വീട്ടുകാര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

വഞ്ചിയൂര്‍ പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്ത് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പോക്സോ പ്രത്യേക കോടതി ജഡ്ജി ആജ് സുദര്‍ശനാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി.