അവസാന നിമിഷം വരെ വിദ്യാഭ്യാസ രംഗം കുളംതോണ്ടിയ മന്ത്രിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചത്: എം എ ബേബി

നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. അവസാന നിമിഷം വരെ വിദ്യാഭ്യാസ രംഗം കുളംതോണ്ടിയ മന്ത്രിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
വിദ്യാഭ്യാസ മന്ത്രിയുടെ രാജി രാജ്യത്തെ പ്രതിഷേധങ്ങളുടെ ചരിത്രത്തിലെ പുതിയൊരു അധ്യായമാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ പ്രതികരിക്കാത്ത ആളുകൾ പോലും വിഷയത്തിൽ ഇടപെടുകയും ജനങ്ങൾ സമരം ഏറ്റെടുക്കുകയും ചെയ്ത സാഹചര്യമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.സമരത്തിലെ കോൺഗ്രസിന്റെ പങ്കിനെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് രാഹുൽ ഗാന്ധി സമരത്തിൽ പങ്കുചേർന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധി ഇതുവരെ ജന്ദർ മന്ദറിലെ സമരവേദി സന്ദർശിച്ചിട്ടില്ലെങ്കിലും, വൈകിയാണെങ്കിലും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം പങ്ക് വഹിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും ബേബി പറഞ്ഞു. അതേസമയം, സമരത്തെ കുറിച്ച് ഇടതുപക്ഷത്തിന് യാതൊരു സംശയവുമുണ്ടായിരുന്നില്ലെന്നും കഴിവുള്ളവർക്ക് രാഷ്ട്രീയത്തിൽ പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ച് 72 വയസ്സുള്ള താനും സമരമുഖത്തുണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.


