വിലക്കയറ്റം: ട്രോളുകള്‍ക്കപ്പുറം ചര്‍ച്ചയാവേണ്ട ജനജീവിതപ്രശ്നം; ശ്രദ്ധേയമായി കെസി വേണുഗോപാലിന്റെ വേറിട്ട പ്രതിഷേധം

സാമൂഹ്യ മാധ്യമങ്ങളുടെ തള്ളിച്ചയുളള ഇക്കാലത്ത് എന്തും ഏതും ട്രോളായി മാറുന്നു. ഒരു വിഷയത്തിന്റെ കാതല്‍ എന്തെന്ന് പരിശോധിക്കാന്‍ പോലും മെനക്കെടാതെയാണ് ഇത്തരമൊരു പ്രതികരണം. കഴിഞ്ഞ ദിവസം വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാല്‍ കുടുംബ ബജറ്റ് താളം തെറ്റിപ്പിക്കുന്ന വിലക്കയറ്റത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തി.
വേണുഗോപാലിന്റെ സ്വന്തം മണ്ഡലമായ ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളി കുടുംബത്തിലെ വീട്ടമ്മമാരോടൊപ്പം കണക്കുകള്‍ നിരത്തി നടത്തിയ പ്രതിഷേധം ശ്രദ്ധേയമായി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അവശ്യ സാധനങ്ങളുടെ വിലയില്‍ ഉണ്ടായ വര്‍ധനയും അതിനെ തുടര്‍ന്നുണ്ടായ കുടുംബ ചെലവിന്റെ കുതിപ്പുമാണ് വിഷയമായത്. എന്നാല്‍ ഇതിന്റെ പേരില്‍ ഉയര്‍ന്ന ട്രോളുകള്‍ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാത്തതിന്റെ തെളിവാണ്.
സംസ്ഥാനത്തിന്റെ ശ്രദ്ധയിലേക്ക് വിലക്കയറ്റത്തിന്റെ ദുരിതം വീണ്ടും പൊതുചര്‍ച്ചയാക്കാന്‍ കെ.സി. വേണുഗോപാലിന്റെ ഇടപെടല്‍ വഴിയായി എന്നതാണ് ആ പ്രതിഷേധത്തിന്റെ പ്രാധാന്യം. കേരളം ഇന്ന് ചര്‍ച്ച ചെയ്യേണ്ട പ്രധാന പൊതുവിഷയങ്ങളില്‍ ഒന്നാണ് വിലക്കയറ്റം. പത്ത് വര്‍ഷം മുന്‍പ് വിലക്കയറ്റം ഉണ്ടാകില്ലെന്ന് പ്രകടന പത്രികയിലും പാര്‍ട്ടി മുഖപത്രത്തിലും അവകാശപ്പെട്ട എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു പതിറ്റാണ്ട് നീണ്ട ഭരണകാലം അവസാനിക്കാനിരിക്കെ, അരി, മുളക്, മല്ലി, വെളിച്ചെണ്ണ ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ 50 മുതല്‍ 80 ശതമാനം വരെയുള്ള വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
പത്ത് വര്‍ഷം മുന്‍പ് 5000 രൂപ കൊണ്ട് കൈകാര്യം ചെയ്യാനായിരുന്ന കുടുംബ ബജറ്റ് ഇന്ന് അടുക്കളച്ചെലവിന് മാത്രം കുറഞ്ഞത് 10000 മുതല്‍ 11000 രൂപ വരെ ആവശ്യമാകുന്ന നിലയിലാണ്. ഇതിന് പുറമെ കുട്ടികളുടെ പഠനച്ചെലവ്, ആശുപത്രി ചെലവ്, ബാങ്ക് തിരിച്ചടവ് തുടങ്ങിയ ബാധ്യതകള്‍ കൂടി ചേര്‍ന്നാല്‍ ഒരു സാധാരണ കുടുംബത്തിന് പ്രതിമാസം കുറഞ്ഞത് 40000 രൂപയെങ്കിലും വരുമാനം വേണമെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ സംസ്ഥാനത്ത് 30000 രൂപയ്ക്കുമുകളില്‍ ശരാശരി വരുമാനമുള്ള വീടുകളുടെ എണ്ണം വളരെ കുറവാണെന്നതും ശ്രദ്ധേയമാണ്.
അഞ്ചുലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരെയും അതിന്റെ പകുതിയോളം വരുന്ന പെന്‍ഷനേഴ്സിനെയും മാറ്റി നിര്‍ത്തിയാല്‍, 40000 രൂപ പ്രതിമാസ വരുമാനം കണ്ടെത്താന്‍ പ്രയാസപ്പെടുന്നവരാണ് ഭൂരിഭാഗം കുടുംബങ്ങളും. ഒരേ കുടുംബത്തില്‍ രണ്ട് പേര്‍ ജോലി ചെയ്താലും ജീവിതച്ചെലവ് നിറവേറ്റാന്‍ മാത്രമേ സാധിക്കാറുള്ളു. വരുമാനം മുഴുവന്‍ ചെലവായി മാറുമ്പോള്‍ സമ്പാദ്യത്തിന് ഇടയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഇത്തരത്തിലുള്ള ജീവല്‍പ്രശ്നമാണ് കെ.സി. വേണുഗോപാല്‍ പൊതുജന ശ്രദ്ധയില്‍ ഉയര്‍ത്തിയത്. അദ്ദേഹത്തിന്റെ പ്രതിഷേധരീതി വ്യത്യസ്തമായിരിക്കാം, പക്ഷേ അതുവഴിയാണ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ടയായി മാറേണ്ട വിഷയത്തിന് അദ്ദേഹം തുടക്കം കുറിച്ചിരിക്കുകയാണ്. ഈ ജനകീയ വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുത്ത് വിപുലമായ ചര്‍ച്ചയിലേക്ക് നയിക്കേണ്ടതും സര്‍ക്കാരിനെതിരെ പൊതുവികാരം ശക്തമായി പ്രകടിപ്പിക്കേണ്ടതുമാണ്.
തിരഞ്ഞെടുപ്പിന്റെ അജണ്ട സജ്ജമാക്കുകയാണ് കെ.സി. വേണുഗോപാല്‍ ചെയ്തിരിക്കുന്നത്. അതില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ സങ്കുചിത രാഷ്ട്രീയ ട്രോളുകള്‍ വേണ്ട സമയം അല്ലിത്. വിലക്കയറ്റം എന്ന ജനകീയ വിഷയം സമൂഹം ഏറ്റെടുത്ത് ശക്തമായ പ്രതികരണം ഉയര്‍ത്തേണ്ട സമയമാണിത്. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും മുഴുവന്‍ സംവിധാനവും ഉപയോഗിച്ച് വിലക്കയറ്റ ചര്‍ച്ച ഒഴിവാക്കാന്‍ ശ്രമമുണ്ടാകാം. എന്നാല്‍ ഈ വിലക്കയറ്റത്തിന് മുഖ്യകാരണം ഭരണവൈകല്യവും വിപണിയിടപെടലിലെ കെടുകാര്യസ്ഥതയുമാണെന്ന വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.


