ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങള്‍

single-img
20 May 2024

കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങള്‍. പ്രസിഡന്‍റും വിദേശകാര്യമന്ത്രിയും ഉള്‍പ്പെടെ മരിച്ചെന്ന് ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തെരച്ചിലിൽ ഹെലികോപ്ടറിന് സമീപത്തുനിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണെന്നും തിരിച്ചറിയാൻ കഴിയുന്നില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

അപകടത്തില്‍ ജീവനോടെ ആരും രക്ഷപ്പെട്ടതിന്‍റെ സൂചനകളൊന്നും സ്ഥലത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. തകര്‍ന്ന ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയെങ്കിലും ആദ്യഘട്ട പരിശോധനയില്‍ സമീപത്തായി ആരെയും കണ്ടെത്താനായിരുന്നില്ല.

പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമിര്‍, ഈസ്റ്റേണ്‍ അസര്‍ബൈജാൻ ഗവര്‍ണര്‍ മലേക് റഹ്മതി, തബ്റിസ് ഇമാം മുഹമ്മദ് അലി അലെഹസം, പൈലറ്റ്, സഹപൈലറ്റ്, ക്രൂ ചീഫ്, സുരക്ഷാ മേധാവി, ബോഡി ഗാര്‍ഡ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് ഇറാൻ മാധ്യമങ്ങള്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

അപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടെന്ന് ഇറാൻ റെഡ് ക്രെസന്‍റ് ചെയര്‍മാൻ കോലിവാന്‍ഡും അറിയിച്ചു. ഇക്കാര്യത്തില്‍ ഇറാന്‍റെ ഭാഗത്തുനിന്നും ഔദ്യോഗികമായ സ്ഥിരീകരണം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം.

ഇറാൻ പ്രസിഡന്‍റ് കൊല്ലപ്പെട്ടതോടെ ഇറാൻ ഭരണഘടന പ്രകാരം ഒന്നാം വൈസ് പ്രസിഡന്‍റ് മുഹമ്മദ് മുക്ബാര്‍ ഇറാന്‍റെ താല്‍ക്കാലിക പ്രസിഡന്‍റായി ചുമതലയേല്‍ക്കും. പ്രത്യേക കൗണ്‍സിലായിരിക്കും ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്യുക. അടുത്ത 50 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്‍റിനായുള്ള തെരഞ്ഞെടുപ്പ് നടക്കും. രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം ലഭിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കിയിരുന്നു.