ഇ പി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുറുകുന്നതിനിടെ പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍

single-img
27 December 2022

തിരുവനന്തപുരം: ഇ പി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങും.

ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. ഇപി ജയരാജനെതിരെ അന്വേഷണം സംസ്ഥാനത്ത് തീരുമാനിക്കാം എന്ന് കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലെ വിഷയങ്ങളില്‍ കാര്യമായ ചര്‍ച്ച പൊളിറ്റ് ബ്യൂറോയിലുണ്ടാവാനിടയില്ല. അന്വേഷണത്തോട് യോജിപ്പെന്ന സൂചനയാണ് കേന്ദ്രനേതൃത്വം നല്‍കുന്നത്. വിവാദം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. അന്വേഷണം വേണോയെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടും നിര്‍ണ്ണായകമാകും.

ഇപി ജയരാജനെിരെ പി ജയരാജന്‍ ഉന്നയിച്ച അനധികൃത സ്വത്ത് സമ്ബാദന പരാതിയില്‍ അന്വേഷണം സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കാം എന്നാണ് സിപിഎം കേന്ദ്ര നേതാക്കള്‍ ഇന്നലെ അറിയിച്ചത്. വിവാദത്തെ കുറിച്ച്‌ സംസ്ഥാന സെക്രട്ടറിയില്‍ നിന്നും കേന്ദ്ര നേതാക്കള്‍ വിവരങ്ങള്‍ തേടിയിരുന്നു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടല്‍. സംസ്ഥാന സെക്രട്ടറിയോട് വിവരങ്ങള്‍ തേടിയ കേന്ദ്ര നേതൃത്വത്തിനും വിഷയത്തിന്‍റെ ഗൗരവം മനസ്സിലായിട്ടുണ്ട്. ഇപി കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതിയോടെയേ അന്വേഷണം ഉണ്ടാകും. പരാതിയില്‍ ഉറച്ചുനില്‍ക്കുന്ന പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ ഉടന്‍ രേഖാമൂലം പാര്‍ട്ടിക്ക് നല്‍കും.

പിബി അനുമതിയോടെ ഇപിക്കെതിരെ പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം വരാനാണ് സാധ്യത. പാര്‍ട്ടി യോഗത്തില്‍ മുതിര്‍ന്ന നേതാവിനെതിരെ മറ്റൊരു മുതിര്‍ന്ന നേതാവ് വലിയ പരാതി ഉന്നയിക്കുകയും പുറത്ത് മാധ്യമങ്ങളോട് അത് നിഷേധിക്കാതിരിക്കുകയും ചെയ്ത സ്ഥിതിയെ കാര്യമായി തന്നെ പാര്‍ട്ടി നേതാക്കള്‍ കാണുന്നു. തെറ്റ് തിരുത്തലില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പൂര്‍ണ്ണ പിന്തുണയോടെയാണ് പി ജയരാജന്‍റെ പരാതി എന്നാണ് സൂചനകള്‍. എംവി ഗോവിന്ദനെ കേന്ദ്രീകരിച്ച്‌ പാര്‍ട്ടിയില്‍ പുതിയ സമവാക്യങ്ങള്‍ ഉണ്ടായി ഇപിയെ ലക്ഷ്യമിടുമ്ബോള്‍ കത്തുന്ന വിവാദത്തില്‍ ഇനി മുഖ്യമന്ത്രിയുടെ നിലപാടിലും ഉള്ളത് വലിയ ആകാംക്ഷ.