നയപ്രഖ്യാപന പ്രസംഗം ; കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

single-img
25 January 2024

വെറും രണ്ടുമിനിറ്റില്‍ താഴെ മാത്രം സമയത്തിൽ പൂര്‍ത്തിയാക്കിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിക്കാതെ ഒഴിവാക്കിയത് കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍. അറുപത് പേജോളമുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനെതിരേ സ്വീകരിക്കുന്ന നിലപാടുകളില്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്.

സാമ്പത്തിക വിഷയങ്ങളിൽ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അസമത്വം നിലനില്‍ക്കുകയാണെന്നും അതുമൂലം സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ പണഞെരുക്കം ഉണ്ടാകുന്നുവെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു. സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം തടസം നില്‍ക്കുകയാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ആരോപിക്കുന്നുണ്ട്.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അര്‍ഹമായ ഗ്രാന്‍ഡും സഹായവും തടഞ്ഞുവയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആശങ്കരേഖപ്പെടുത്തി. കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നത് കാരണം സംസ്ഥാനങ്ങള്‍ വരുമാനപരിധി മറികടന്ന് വികസന ചെലവുകള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്നും ഫെഡറല്‍ സംവിധാനത്തിലെ വലിയ അസമത്വമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നുണ്ട്.

സംസ്ഥാനങ്ങളുടെ വായ്പാപരിധി വെട്ടിക്കുറച്ചത് സാമ്പത്തിക ഞെരുക്കത്തിന് ഇടയാക്കിയെന്നും ഇതു സംസ്ഥാനങ്ങളുടെ ധനസ്ഥിതിയില്‍ കാര്യമായ ഇടിവുണ്ടാക്കന്നുവെന്നും വിമര്‍ശിക്കുന്നു. നഷ്ടപരിഹാരം നിര്‍ത്തലാക്കിയത്, റവന്യൂ കമ്മി ഗ്രാന്‍ഡ് കുറഞ്ഞത്, കടമെടുപ്പിലെ പരിധി നിയന്ത്രണം എന്നിവ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിച്ചുവെന്നും ചൂണ്ടിക്കാട്ടുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ കേരള ജനത അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞുവെന്നും വ്യക്തമാക്കുന്നു.