സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനെതിരായ ഹര്‍ജി; ഹൈക്കോടതി വിധി ഇന്ന്

single-img
29 November 2022

കൊച്ചി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ആണ് കേസില്‍ വിധി പ്രസ്താവിക്കുക. ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.

ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ പ്രൊഫ. സിസ തോമസിനെ കെടിയു താല്‍ക്കാലിക വിസിയായി ഗവര്‍ണര്‍ നിയമിച്ചതിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നിയമനത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും, സിസ തോമസിനെ നിയമിച്ചത് സര്‍ക്കാരുമായി കൂടിയാലോചിച്ചല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ സദുദ്ദേശ്യത്തോടെയാണ് സിസ തോമസിനെ നിയമിച്ചതെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തസ്തിക വച്ചുള്ള യോഗ്യത നോക്കുമ്ബോള്‍ സിസ തോമസ് ലിസ്റ്റില്‍ നാലാമതാണ്. പക്ഷേ, ഇത്തരത്തിലുള്ള നിയമനത്തിന് സീനിയോരിറ്റിയല്ല പരിഗണനയാണ് മാനദണ്ഡം. വിദ്യാര്‍ത്ഥികളുടെ ഭാവി മനസില്‍ കണ്ടാണ് ഇത്തരമൊരു നിയമനവുമായി മുന്നോട്ടു പോയതെന്നും ഗവര്‍ണറുടെ അഭിഭാഷകന്‍ വാദിച്ചു.

ഗവര്‍ണര്‍ക്കെതിരെയാണ് ഹര്‍ജിയെങ്കില്‍ നിലനില്‍ക്കില്ലെന്ന് ഇന്നലെ കേസ് പരിഗണിക്കവെ ഹൈക്കോടതി സര്‍ക്കാരിനോട് വ്യക്തമാക്കിയിരുന്നു. അതേസമയം ചാന്‍സലര്‍ക്കെതിരെ ഹര്‍ജി നല്‍കാമെന്നും കോടതി വ്യക്തമാക്കി. കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിന് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ അധിക ചുമതല നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ നിര്‍ദേശം തള്ളിയാണ് ഗവര്‍ണര്‍ സിസ തോമസിന് ചുമതല നല്‍കി ഉത്തരവിറക്കിയത്.

എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായ ഡോ. രാജശ്രീ എം എസിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സിസി തോമസിനെ താല്‍ക്കാലിക വിസിയായി നിയമിച്ചത്. ഡോ. രാജശ്രീയുടെ നിയമനം യുജിസി ചട്ടങ്ങള്‍ പ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റിലെ എന്‍ജിനീയറിങ് ഫാക്കല്‍റ്റി മുന്‍ ഡീന്‍ ഡോ ശ്രീജിത്ത് പി. എസ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്.