സർക്കാർ അഭിഭാഷകരിലൂടെയാണ് ജനങ്ങൾ സർക്കാരിനെ കാണുന്നത്; എല്ലാ കേസുകളിലും വിജയിക്കാനാകണം : മന്ത്രി പി രാജീവ്
സർക്കാർ അഭിഭാഷകരിലൂടെയാണ് ജനങ്ങൾ സർക്കാരിനെ കാണുന്നതെന്നും എല്ലാ സർക്കാർ കേസുകളിലും വിജയിക്കാനാകണമെന്നും നിയമ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളിലെയും ഗവ. പ്ലീഡർമാർക്കുള്ള ലാപ് ടോപ് വിതരണം തിരുവനന്തപുരം ഹിൽട്ടൺ ഗാർഡനിൽ സംഘടിപ്പിച്ച ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സാധാരണക്കാരെ കോടതികളുമായി അടുപ്പിക്കാൻ സാങ്കേതികവിദ്യയെ ഉപയോഗിക്കാനാവണം. എല്ലാമേഖലകളിലും ഇന്ന് ഡിജിറ്റലൈസേഷൻ നടക്കുകയാണ്. കേരളത്തിൽ അതിനാവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളുമുണ്ട്. മൈബൈൽ പെനട്രേഷൻ ഏറ്റവുമധികമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. മൈബൈൽ ഉപയോക്താക്കളിൽ 87 ശതമാനം പേർക്കും ഇവിടെ ഇന്റർനെറ്റ് ലഭ്യതയുമുണ്ട്. ഡിജിറ്റൽ സാക്ഷരതയിലും നാം ഏറെ മുന്നിലാണ്. സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗിക്കാനായാൽ കേസുകൾ കെട്ടിക്കിടക്കുന്നത് കുറയ്ക്കാനും വേഗത്തിൽ ആളുകൾക്ക് നീതി ലഭ്യമാക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.
വിവിധ കോടതികളിലെ വിവിധ ഭാഷകളിലുള്ള വിധികൾ വായിക്കാനും പഠിക്കാനുമൊക്കെ ഇന്ന് സൗകര്യങ്ങളുണ്ട്. സർക്കാർ അഭിഭാഷകരായിരിക്കുമ്പോൾ വൈവിധ്യമാർന്ന കേസുകൾ ലഭിക്കും. ഈ അവസരം ഉപയോഗപ്പെടുത്തി മികച്ച അഭിഭാഷകരായി മാറണം. സ്ത്രീകളുമായും കുട്ടികളുമായും ബന്ധപ്പെട്ട കേസുകൾക്ക് മുൻഗണന നൽകണമെന്നും മന്ത്രി പറഞ്ഞു. സർക്കാർ അഭിഭാഷകരുടെ പ്രവർത്തനം ആറുമാസത്തിലൊരിക്കൽ ഓഡിറ്റ് ചെയ്യാൻ സംവിധാനം വേണമെന്നും മന്ത്രി പറഞ്ഞു.
14 ജില്ലകളിലെയും ഗവ. പ്ലീഡർമാർക്ക് ചടങ്ങിൽ ലാപ്ടോപ് വിതരണം ചെയ്തു. സർക്കാർ കേസുകളുടെ കാര്യക്ഷമമായ നടത്തിപ്പിനും നിയമവകുപ്പ് നടപ്പാക്കിയ സിസിഎംഎസ് (കോർട്ട് കേസ് മോണിട്ടറിങ് സൊല്യൂഷൻ) പദ്ധതിയുടെ നിരീക്ഷണത്തിനുമായാണ് ജില്ലാ ഗവ. പ്ലീഡർമാർക്ക് ലാപ്ടോപ് നൽകിയത്. വെബ് അടിസ്ഥാനത്തിലുള്ള കമ്പ്യൂട്ടറൈസ്ഡ് സംവിധാനത്തിലൂടെ കോടതിയിലുള്ള കേസുകൾ ട്രാക്ക് ചെയ്യാനും നിരീക്ഷിക്കാനുമുള്ള പദ്ധതിയാണ് സിസിഎംഎസ്. എച്ച് പി യുടെ ലാപ്ടോപാണ് നൽകിയത്.