സമ്പൂർണമായ ഭരണസ്തംഭനം; പിണറായിയുടെ ഭരണത്തിൽ ജനങ്ങൾ കഷ്ടപ്പെടുകയാണ്: കെ സുരേന്ദ്രൻ

single-img
16 September 2023

മച്ചി പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്ന പോലെയാണ് കേരളത്തിലെ മന്ത്രിസഭാ പുനസംഘടനയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരത്തിൽ മന്ത്രിസഭയെന്നൊന്നില്ല. എല്ലാം തീരുമാനിക്കുന്നത് പിണറായി വിജയനും മരുമകൻ മന്ത്രിയുമാണ്. മറ്റ് മന്ത്രിമാർക്ക് ഒരു റോളുമില്ല. ഈ മന്ത്രിസഭ പുനസംഘടന കൊണ്ട് ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലെന്നും ഇന്ന് തൃശ്ശൂരിൽ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ കെ.സുരേന്ദ്രൻ പറഞ്ഞു.

നാഥനില്ലാ കളരിയായി കേരളത്തിലെ ആഭ്യന്തരവകുപ്പ് മാറി. പിഞ്ച് കുഞ്ഞുങ്ങൾ പോലും പീഡിപ്പിക്കപ്പെടുകയാണ്.മാരകരോഗങ്ങൾ തിരിച്ച് വരുന്നത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടാണ്. ആരോഗ്യവകുപ്പ് വേണ്ടത്രെ മുൻകരുതലുകൾ എടുക്കാത്തതാണ് നിപ വീണ്ടും പടർന്ന് പിടിക്കാൻ കാരണം.

വവ്വാലുകളുടെ ആവാസകേന്ദ്രമായ ജാനകികാടിന്റെ ചുറ്റുമുള്ള പേരാമ്പ്രയിൽ നിപ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും പനിയുള്ളവരുടെ സാംപിളുകൾ പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നിട്ടില്ല. അതേപോലെ തന്നെ, സമ്പൂർണമായ ഭരണസ്തംഭനമാണ് സംസ്ഥാനത്തുള്ളത്. പിണറായിയുടെ ഭരണത്തിൽ ജനങ്ങൾ കഷ്ടപ്പെടുകയാണ്. സിഎജി റിപ്പോർട്ട് സർക്കാരിന്റെ മുഖംമൂടി വലിച്ചുകീറി. 22,000 കോടി രൂപ വൻകിടക്കാരിൽ നിന്നും സർക്കാരിന് പിരിച്ചെടുക്കാനുണ്ട്.

വൻകിട കുത്തകകളെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സർക്കാരിനുള്ളത്. ഒരു ഭാഗത്ത് ജനങ്ങളെ കൊള്ളയടിക്കുമ്പോൾ മറുഭാഗത്ത് വൻകിടക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ. നരേന്ദ്രമോദി സർക്കാരിന്റെ സഹായമില്ലെങ്കിൽ സംസ്ഥാനത്ത് ദൈനംദിന ചിലവ് പോലും നടക്കില്ല. പ്രതിപക്ഷ നേതാവിന് പോലും കേന്ദ്ര സഹായത്തെ പറ്റി പ്രശംസിക്കേണ്ടി വന്നത് ഈ സാഹചര്യത്തിലാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.