കൊല്ലത്ത് പാലത്തിന് അടിയിൽ പാർക്കും ജിമ്മും; കേരളത്തിൽ ആദ്യം

single-img
9 October 2023

കേരളത്തിൽ പാലങ്ങളുടെ അടിയിൽ പാർക്കും കളിസ്ഥലങ്ങളും ജിംനേഷ്യങ്ങളും നിർമ്മിക്കുന്നു. സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുമരാമത്ത്, ടൂറിസം നിര്‍മിതികളില്‍ മാറ്റംവരുത്താനുള്ള രൂപകല്‍പ്പന നയത്തിന്റെ ഭാഗമാണ് പദ്ധതി.

ഈ പദ്ധതിയുടെ തുടക്കം കൊല്ലം എസ്.എൻ കോളേജിന് സമീപത്തെ റെയിൽവേ മേൽപ്പാലത്തിന് അടിയിൽ ആയിരിക്കും. പദ്ധതിസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. അധികം വൈകാതെ നെടുമ്പാശേരി, ഫറോക്ക്, ആലുവ എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കും.

എറണാകുളത്തെ നെടുമ്പാശേരി വിമാനത്താവളത്തിനുസമീപത്തെ മേല്‍പ്പാലം ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ പാര്‍ക്കുകളും ചെറു ഭക്ഷണശാലകളും നിര്‍മിക്കും. നൈറ്റ് ലൈഫ് ടൂറിസം ഉള്‍പ്പെടെ മുന്നിൽ കണ്ടുകൊണ്ടാണ് മേൽപ്പാലത്തിന് അടിയിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നത്. ആലുവ മണപ്പുറം പാലം, ഫറോക്ക് റെയില്‍വേ മേല്‍പ്പാലം എന്നിവിടങ്ങള്‍ വിദേശമാതൃകയില്‍ ദീപങ്ങൾകൊണ്ട് അലങ്കരിക്കുകയും ഭക്ഷണശാലകൾ സ്ഥാപിക്കുകയും ചെയ്യും.

കൊല്ലത്ത് കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ നേതൃത്വത്തിലായിരിക്കും നിര്‍മാണം. രണ്ട് കോടി രൂപയുടെ പദ്ധതിയില്‍ പാര്‍ക്ക്, ഓപ്പണ്‍ ജിം, ബാഡ്മിന്റണ്‍ കോര്‍ട്ട്, സ്കേറ്റിങ് സൗകര്യങ്ങള്‍, ചെസ് ബ്ലോക്സ്, ഭക്ഷണശാലകള്‍, ശൗചാലയങ്ങള്‍ എന്നിവ സ്ഥാപിക്കും.

സ്ത്രീ, ഭിന്ന ശേഷി, വയോജന സൗഹൃദമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന മേഖലയില്‍ രൂപകല്‍പ്പന നയം നടപ്പാക്കുന്നതിനായി ജനുവരിയില്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, തെരുവുകള്‍ മുതലായവയുടെ രൂപകല്‍പ്പന സംബന്ധിച്ച്‌ സമഗ്ര നയമാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്.