വിഴിഞ്ഞം സംഘർഷം; തുറമുഖ സമരസമിതി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ വധം ശ്രമം ചുമത്താതെ എഫ്‌ഐആര്‍

single-img
28 November 2022

തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ സമരസമിതി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ വധം ശ്രമം ചുമത്താതെ എഫ്‌ഐആര്‍.

ഇതോടെ സേനയില്‍ അമര്‍ഷം പുകയുകയാണ്. വധശ്രമം ചുമത്തി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട് . എന്നാല്‍ സര്‍ക്കാര്‍ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.

സമര സമിതിയുടെ ആക്രമണത്തില്‍ 36 പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. താബൂക്ക് കൊണ്ട് കാലിന് ഇടിയേറ്റ എസ് ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയാണ്. സംഘം ചേര്‍ന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്‌ഐആര്‍. കസ്റ്റഡിയില്‍ എടുത്തവരെ വിട്ടുകിട്ടിയില്ലെങ്കില്‍ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്ന് ഭീഷണി പെടുത്തി. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞു.വാഹനങ്ങള്‍ തകര്‍ത്തു. 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി തുടങ്ങിയവയാണ് എഫ് ഐ ആറില്‍ വ്യക്തമാക്കിയിരിക്കുന്നത്.എന്നിട്ടും വധശ്രമത്തിന് കേസെടുക്കാത്തതിലാണ് പൊലീസുകാര്‍ക്കുള്ളില്‍ തന്നെ പ്രതിഷേധം ശക്തമായത്

വിഴിഞ്ഞം സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരെ ആണ് കേസ് . എന്നാല്‍ വൈദികരെ അടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല

ഇതിനിടെ വിഴിഞ്ഞത്ത് തീരദേശത്തും പൊലീസ് സ്റ്റേഷന്‍ പരിസരത്തും ഹാര്‍ബറിലും കെ എസ് ആര്‍ ടി സി പരിസരത്തും അടക്കും വന്‍ പൊലീസ് സന്നാഹമുണ്ട്. സമീപജില്ലയില്‍ നിന്നും പൊലീസിനെ എത്തിച്ചു. ഇതിനിടെ വള്ളങ്ങള്‍ നിരത്തി സമരക്കാര്‍ പലയിടത്തും വഴി തടഞ്ഞിട്ടുണ്ട്. വിഴിഞ്ഞം കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ഒരു ബസ് പോലും ഇതുവരെ സര്‍വീസ് നടത്തിയിട്ടില്ല

ഇതിനിടെ ഇന്നലെ കസ്റ്റഡിയിലെടുത്ത നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മുത്തപ്പന്‍ , ലിയോണ്‍ , പുഷ്പരാജ് , ഷാജി എന്നിവരെ ആണ് വിട്ടയച്ചത്. കസ്റ്റഡിയിലെടുത്ത സെല്‍ട്ടനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ ഇവരെ പ്രശ്നങ്ങളെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഇന്നലത്തെ സംഘര്‍ഷം. അതേസമയം സെല്‍ട്ടനെ റിമാന്‍ഡ് ചെയ്തു.