സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; 32കാരനെ സിസിടിവി ദൃശ്യങ്ങൾ വച്ച് പിടികൂടി

single-img
19 August 2023

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദര്‍ശനവുമായെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറൂർ പഴഞ്ഞിപ്പാറ ഹരിജൻ കോളനി വി.എസ്.ഭവനിൽ വി.എസ്.സജുവെന്ന 32കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 16 ന് രാവിലെ 9 മണിയോടെ ചീനിവിളയിൽ വച്ച് സ്കൂളിൽ പോവുകയായിരുന്ന 5-ാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് നേരെയാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയത്.

ബൈക്കിൽ പോവുകയായിരുന്ന സജു കുട്ടികളെ കണ്ട ഉടനെ ബൈക്ക് നിർത്തി ലൈംഗീക അവയവം പുറത്ത് എടുത്ത് ചേഷ്ടകൾ കാട്ടുകയായിരുന്നു. കുട്ടികൾ വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ മാറനല്ലൂർ പൊലീസ് സി സി ടിവി ദൃശ്യങ്ങൾ ഉൾപെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ജൂലൈ ആദ്യവാരത്തില്‍ കോട്ടയം ചിങ്ങവനത്തിനടുത്ത് പരുത്തുംപാറയിൽ നടുറോഡിൽ നഗ്നത പ്രദർശനം നടത്തിയ ആൾ യുവതിയുടെ ഇടപെടലിനെ തുടർന്ന് പൊലീസിന്റെ പിടിയിലായിരുന്നു. ഇടവഴിയിൽ നമ്പർ പ്ലേറ്റ് പാതി മറച്ച ബൈക്കിൽ ഇരുന്നാണ് മധ്യവയസ്കനായ ഒരാൾ നഗ്നത പ്രദർശനം നടത്തിയത്. ഈ സമയം ബന്ധു വീട്ടിലേക്ക് പോവുകയായിരുന്ന യുവതി നഗ്നത പ്രദർശനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും നാട്ടുകാരെ വിളിച്ചുകൂട്ടാൻ ശ്രമിക്കുകയും ചെയ്തു.

ഇതോടെ നഗ്നത പ്രദർശനം നടത്തിയ ആൾ ബൈക്കുമായി രക്ഷപ്പെട്ടു. പിന്നീട് ബന്ധുക്കൾ മുഖേന യുവതി ചിങ്ങവനം പോലീസിനെ വിവരം അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് നഗ്നത പ്രദർശനം നടത്തിയ ആളെ കസ്റ്റഡിയിൽ എടുത്തത്.